ചെറുപ്പക്കാരും സിനിമാക്കാരും ആണോടാ ലഹരി കൊണ്ടുവന്നത്? മാധ്യമങ്ങളോട് ഷൈൻ ടോം ചാക്കോ
Entertainment
ചെറുപ്പക്കാരും സിനിമാക്കാരും ആണോടാ ലഹരി കൊണ്ടുവന്നത്? മാധ്യമങ്ങളോട് ഷൈൻ ടോം ചാക്കോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 26th May 2023, 4:23 pm

മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടൻ ഷൈൻ ടോം ചാക്കോ. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെപ്പറ്റി ചോദിച്ചപ്പോഴാണ് താരം ദേഷ്യപ്പെട്ടത്. സിനിമാതാരങ്ങളും യുവാക്കളും മാത്രമാണോ ലഹരി എത്തിക്കുന്നത് എന്നായിരുന്നു ഷൈനിന്റെ ചോദ്യം. വി.കെ പ്രകാശ് സംവിധാനം നിർവഹിച്ച ലൈവ് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം. സംവിധായകൻ വി.കെ. പ്രകാശ്, മംമ്ത മോഹൻദാസ്, പ്രിയ വാര്യർ, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളും പരിപാടിയിൽ പങ്കെടുത്തു.

‘ഡ്രഗ്സ് എത്ര കാലമായി കണ്ടുപിടിച്ചിട്ട്? കാലങ്ങൾ മുൻപ് കണ്ടുപിടിച്ച ഡ്രഗ്സ് 30 വയസ്സുള്ള ചെറുപ്പക്കാരാണോടാ കൊണ്ടുവരുന്നത്? ഷൈൻ ടോം ചാക്കോ ചോദിച്ചു. അല്ലെന്നായിരുന്നു മാധ്യമങ്ങളുടെ മറുപടി.

‘ഇങ്ങനെയൊക്കെ പറഞ്ഞ്‌ നടക്കുന്നവരോട് നേരിട്ട് ചോദിക്കണം. ഇത് ഇപ്പോഴത്തെ സിനിമാക്കാരും ചെറുപ്പക്കാരും കൊണ്ടുവന്നതല്ല. ഞങ്ങളോട് ഇതിനെപ്പറ്റി ചോദിക്കുന്നതുപോലെ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പറഞ്ഞ്‌ നടക്കുന്നവരോട് ചോദിക്കണം. കുട്ടികളുടെ കയ്യിൽ എങ്ങനെയാണ് ലഹരി വസ്തുക്കൾ എത്തുന്നതെന്ന് മാതാപിതാക്കൾ തിരക്കണം,’ ഷൈൻ പറഞ്ഞു.

ലൈവ് എന്ന ചിത്രത്തിൽ ഷൈൻ ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ചില മാധ്യമ പ്രവർത്തകരുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിനും കയർത്തായിരുന്നു താരത്തിന്റെ മറുപടി.

‘എടോ ഞാൻ മനുഷ്യനാണ്. മാധ്യമ പ്രവർത്തകരും മനുഷ്യനാണ്. അപ്പോൾ സാദൃശ്യം ഒക്കെ തോന്നും,’ ഷൈൻ പറഞ്ഞു.

‘ചിത്രം സെൻസർ ബോർഡിൽ കാണിച്ചപ്പോൾ ധാരാളം മാധ്യമ പ്രവർത്തകരോട് സാദൃശ്യം തോന്നുന്ന തരത്തിലാണ് ഷൈനിന്റെ അഭിനയമെന്ന് പ്രശസ്തനായ ഒരു സാഹിത്യകാരൻ പറഞ്ഞിരുന്നു. അത് അറിഞ്ഞോ അറിയാതെയോ സംഭവിച്ചതാവാം,’ വി.കെ. പ്രകാശ് പറഞ്ഞു.

സമൂഹത്തിൽ കച്ചവടവത്ക്കരിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ് മാധ്യമ പ്രവർത്തനം എന്നും, നല്ല വാർത്തകൾ നല്ല രീതിയിൽ മാത്രം പ്രചരിപ്പിക്കാമെന്നും ഷൈൻ പറഞ്ഞു.

‘സമൂഹത്തിൽ കച്ചവടവൽക്കരിക്കപ്പെടാൻ പാടില്ലാത്ത ഒന്നാണ് മാധ്യമ പ്രവർത്തനം. കാരണം പറയുന്നത് സത്യമെന്ന പേരിലാണ് ആളുകളിലേക്ക് പ്രചരിപ്പിക്കുന്നത്. നല്ല വാർത്തകൾ ശരിയായ രീതിയിലൂടെ മാത്രം കച്ചവടവത്ക്കരിക്കാം,’ ഷൈൻ പറഞ്ഞു.

Content Highlights: Shine Tom Chacko angry with the media