ഷിന്‍ഡെ പക്ഷത്തിന്റെ ചിഹ്നം; രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
national news
ഷിന്‍ഡെ പക്ഷത്തിന്റെ ചിഹ്നം; രേഖകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th August 2022, 8:38 am

മുംബൈ: മഹാരാഷ്ട്രയിലെ ഭരണ അട്ടിമറിക്ക് പിന്നാലെ നടന്ന തര്‍ക്കങ്ങളെ തുടര്‍ന്ന് പാര്‍ട്ടിക്ക് പ്രത്യേക ചിഹ്നം പ്രഖ്യാപിച്ച് ഏക് നാഥ് ഷിന്‍ഡെ. ഔദ്യോഗിക ചിഹ്നം ലഭിക്കുന്നതിനുള്ള രേഖകള്‍ ഷിന്‍ഡെ സര്‍ക്കാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതായാണ് റിപ്പോര്‍ട്ട്. അമ്പും വില്ലുമാണ് ഷിന്‍ഡെ വിഭാഗത്തിന്റെ ഔദ്യോഗിക ചിഹ്നമായി തീരുമാനിച്ചിരിക്കുന്നത്.

ശിവസേനയിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഷിന്‍ഡെ-താക്കറെ വിഭാഗങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഷിന്‍ഡെ വിഭാഗം രേഖകള്‍ സമര്‍പ്പിച്ചുവെന്നും ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ രേഖകള്‍ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

താക്കറെ-ഷിന്‍ഡെ വിഭാഗങ്ങളില്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ കേസുകളില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ താക്കറെ വിഭാഗം കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഷിന്‍ഡെ സര്‍ക്കാര്‍ മന്ത്രിസഭ വികസനം ചൊവ്വാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏക് നാഥ് ഷിന്‍ഡെ അധികാരത്തിലെത്തി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനമായത്.
അഞ്ച് ബി.ജെ.പി അംഗങ്ങളായിരിക്കും മന്ത്രിസഭയിലുണ്ടാകുക. അഞ്ച് ശിവസേന എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. മണ്‍സൂണിന് ശേഷമായിരിക്കും മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുക.

മന്ത്രിസഭ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവേന്ദ്ര ഫഡ്നാവിസ് ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു.

യോഗത്തില്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ പങ്കെടുത്തിരുന്നില്ല. അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ വികസനം വൈകിയതെന്നാണ് ഷിന്‍ഡെയുടെ വിശദീകരണം.

മന്ത്രിസഭ വികസനത്തില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അലസത കാണിക്കുന്നതിനെതിരെ
ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ തര്‍ക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.

Content Highlight: Shinde group declared their official logo says reports