മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ശില്‍പ ഷെട്ടി. ഹിന്ദി സിനിമകള്‍ക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ മലയാള സിനിമകളില്‍ മാത്രം അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശില്‍പ ഷെട്ടി പറയുന്നു. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം തന്റെ എക്കാലത്തെയും ഫേവറിറ്റ് ചിത്രമാണെന്നും ശില്‍പ പറഞ്ഞു.
മലയാള സിനിമയില്‍ ഇമോഷന്‍ അവതരിപ്പിക്കുന്നത് മനോഹരമാണെന്നും മലയാളത്തില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ ഈ ഇന്‍ഡസ്ട്രിയോട് നീതികാണിക്കാന്‍ കഴിയുമോ എന്നോര്‍ത്ത് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു. മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇന്ത്യന്‍ സിനിമയിലെ തന്നെ ഇന്നുള്ള മികച്ച നടനാണ് അദ്ദേഹമെന്നും ശില്‍പ ഷെട്ടി കൂട്ടിച്ചേര്‍ത്തു. ശില്‍പ അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ കെ.ഡിയുടെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘ഹിന്ദി സിനിമകള്‍ക്ക് പുറമെ ഞാന്‍ തമിഴിലും തെലുങ്കിലും കന്നടയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇതുവരെയും ഒരു മലയാളം സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല. ഫാസില്‍ സാര്‍ വളരെ മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രം എന്റെ എക്കാലത്തെയും ഫേവറിറ്റ് ആണ്.
മലയാള സിനിമകള്‍ ഇമോഷനുകള്‍ കൈകാര്യം ചെയ്യുന്ന രീതി വളരെ മികച്ചതാണ്. ഇമോഷനുകള്‍ അവതരിപ്പിക്കുന്ന സിംപ്ലിസിറ്റി മനോഹരമാണ്. കുറച്ച് ഡയലോഗുകളിലൂടെ അവര്‍ ഇമോഷന്‍ ചെയ്യും. എനിക്ക് കുറച്ച് മലയാളം സിനിമകളുടെ ഓഫര്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷെ എനിക്ക് അവ ചെയ്യാന്‍ ഭയമായിരുന്നു. ഈ ഇന്‍ഡസ്ട്രിയോട് എനിക്ക് നീതി കാണിക്കാന്‍ പറ്റുമോ എന്ന ഭയമായിരുന്നു അത്.
ഇനി അങ്ങനെ ഒരു അവസരം വന്നാല്‍ ഞാന്‍ എന്തായാലും ചെയ്യും. മോഹന്‍ലാല്‍ സാറിന്റെ കൂടെ ഒരു സിനിമ ചെയ്യണം എന്നാണ് എനിക്ക് ആഗ്രഹം. ഞാന്‍ അദ്ദേഹത്തിന്റെ വളരെ വലിയ ആരാധികയാണ്. എന്തൊരു അടിപൊളിയായിട്ടാണ് അദ്ദേഹം അഭിനയിക്കുന്നത്! ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇന്ന് നമുക്കുള്ള മികച്ച നടനാണ് മോഹന്‍ലാല്‍ സാര്‍,’ ശില്‍പ ഷെട്ടി പറയുന്നു.