സി.പി.ഐ.എം നേതാക്കള്‍ സാക്ഷി; ഷെജിനും ജോയ്‌സ്‌നയും വിവാഹം രജിസ്റ്റര്‍ ചെയ്തു
Kerala News
സി.പി.ഐ.എം നേതാക്കള്‍ സാക്ഷി; ഷെജിനും ജോയ്‌സ്‌നയും വിവാഹം രജിസ്റ്റര്‍ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 7:30 pm

കോഴിക്കോട്: കോടഞ്ചേരിയിലെ ഷെജിനും ജോയ്‌സ്‌നയും വിവാഹം രജിസ്റ്റര്‍ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലായിരുന്നു രജിസ്‌ട്രേഷന്‍. സി.പി.ഐ.എം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

ഇതര സമുദായക്കാരനായ ഷെജിന്‍ മകളെ തട്ടിക്കൊണ്ടുപോയതാണന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ജോയ്‌സ്‌നയുടെ പിതാവ് ജോസഫ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

രണ്ട് മതവിഭാഗങ്ങളില്‍പ്പെട്ട ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിരെ ലവ് ജിഹാദെന്ന ആരോപണം ഉയര്‍ത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം. തോമസ് തന്നെ രംഗത്തെത്തിയത് വിവാദം കൂടുതല്‍ വഷളാക്കുരുന്നത്.

പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കോടഞ്ചേരി സ്വദേശി ജോയ്‌സ്‌നയുടെ അച്ഛന്‍ ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജി തീര്‍പ്പാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്‌സനയും ഷെജിനും പ്രതികരിച്ചു.

സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ ഷെജിനും ജോയ്‌സനയും തമ്മിലുള്ള വിവാഹം കോടഞ്ചേരി മേഖലയില്‍ വലിയ വിവാദങ്ങള്‍ക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും കാരണമായിരുന്നു.

ഏപ്രില്‍ പത്തിനാണ് കോടഞ്ചേരി നൂറാംതോട് സ്വദേശിയും സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എം.എസ്. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്‌സുമായ ജ്യോയ്ത്സ്‌ന ജോസഫും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.