മമ്മൂട്ടി മുതല്‍ ദുല്‍ഖര്‍ വരെ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്തു, എന്നിട്ടും ആളുകള്‍ പടക്കസിനിമകളെന്ന് കളിയാക്കുന്നു: ഷീലു അബ്രഹാം
Malayalam Cinema
മമ്മൂട്ടി മുതല്‍ ദുല്‍ഖര്‍ വരെ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്തു, എന്നിട്ടും ആളുകള്‍ പടക്കസിനിമകളെന്ന് കളിയാക്കുന്നു: ഷീലു അബ്രഹാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 9:35 pm

അഭിനേതാവ്, നിര്‍മാതാവ് എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് ഷീലു അബ്രഹാം. 2013ല്‍ പുറത്തിറങ്ങിയ വീപ്പിങ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു അഭിനയജീവിതം ആരംഭിച്ചത്. അവരുടെ ഉടമസ്ഥതയിലുള്ള അബാം മൂവീസാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലും തമിഴിലുമായി 20ലധികം ചിത്രങ്ങള്‍ ഷീലു അബ്രഹാം നിര്‍മിക്കുകയും അതിലെല്ലാം അഭിനയിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ട്രോളിന് ഇരയാകുന്ന പ്രൊഡക്ഷന്‍ ഹൗസാണ് അബാം മൂവീസ്. അവസാനം നിര്‍മിച്ച പല സിനിമകളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. സോഷ്യല്‍ മീഡിയയിലെ ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് ഷീലു അബ്രഹാം. പടക്ക ഫാക്ടറിയെന്നാണ് തങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിനെ പലരും കളിയാക്കുന്നതെന്ന് ഷീലു അബ്രഹാം പറഞ്ഞു.

എന്നാല്‍ തങ്ങള്‍ നിര്‍മിച്ച സിനിമകളില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെല്ലാം അഭിനയിച്ചിട്ടുണ്ടെന്നും ആദ്യകാലത്ത് ചെയ്ത സിനിമകള്‍ പലതും ഹിറ്റായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അടുത്തകാലത്ത് ചെയ്ത സിനിമകളെല്ലാം പരാജയമായതിന്റെ പേരിലാണ് ഈ കളിയാക്കലെന്നും ഷീലു അബ്രഹാം പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘ഞങ്ങളുടെ സിനിമകളെല്ലാം നോക്കിയാല്‍ അതില്‍ മലയാളത്തിലെ മുന്‍നിര താരങ്ങളെല്ലാം അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയുമായി മൂന്ന് പടം ചെയ്തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ ഒരു സിനിമ ചെയ്തു. ദുല്‍ഖറിനൊപ്പം ഒരു പടം ചെയ്തു. ജയറാമേട്ടന്റെ കൂടെ രണ്ട് പടം ചെയ്തിട്ടുണ്ട്. ആദ്യത്തെ സിനിമ ശ്രീനിയേട്ടന്റെ കൂടെയായിരുന്നു.

അനൂപ് മേനോനും ധ്യാന്‍ ശ്രീനിവാസനും ഞങ്ങളുടെ നാല് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചില സിനിമകള്‍ പരാജയമായപ്പോള്‍ ഞങ്ങളെ പലരും കളിയാക്കുന്നത് പടക്ക ഫാക്ടറി എന്ന് പറഞ്ഞാണ്. അതില്‍ അഭിനയിച്ച ആരെയും ഇവര്‍ ആ പേര് വിളിച്ച് കളിയാക്കുന്നില്ല. ലാലേട്ടനെയോ, മമ്മൂക്കയെയോ ദുല്‍ഖറിനെയോ അവര്‍ കളിയാക്കാറില്ല.

എല്ലാ പഴിയും പ്രൊഡ്യൂസര്‍മാര്‍ക്കാണ്. അവരെ മാത്രമേ എല്ലാവരും ടാര്‍ഗറ്റ് ചെയ്യുന്നുള്ളൂ. നടന്മാര്‍ക്ക് അടുപ്പിച്ച് പത്ത് ഫ്‌ളോപ്പ് കിട്ടിയാലും ഒരു സിനിമ ഹിറ്റായാല്‍ അത് വെച്ച് പിന്നെയും ഒരുപാട് കാലം ഇന്‍ഡസ്ട്രിയില്‍ നില്‍ക്കും. ഒരു സിനിമ ഫ്‌ളോപ്പായാല്‍ ആ നിര്‍മാതാവിന് പിന്നീട് ഒരു അവസരം കിട്ടണമെന്നില്ല,’ ഷീലു അബ്രഹാം പറയുന്നു.

Content Highlight: Sheelu Abraham about the trolls she facing in social media