നസീര്‍ സാറും ഞങ്ങളും അന്ന് മതില്‍ ചാടിയും ടെറസില്‍ വലിഞ്ഞു കയറിയുമൊക്കെയാണ് രക്ഷപ്പെട്ടത്: ഷീല
Entertainment
നസീര്‍ സാറും ഞങ്ങളും അന്ന് മതില്‍ ചാടിയും ടെറസില്‍ വലിഞ്ഞു കയറിയുമൊക്കെയാണ് രക്ഷപ്പെട്ടത്: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 2:36 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.

1962ലാണ് എം.ജി.ആര്‍ നായകനായ പാസം എന്ന സിനിമയിലൂടെ ഷീല തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്.

മലയാളത്തിന്റെ അതുല്യനടന്‍ പ്രേം നസീറിന്റെ കൂടെ നിരവധി സിനിമകളില്‍ ഷീല അഭിനയിച്ചിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സിനിമാ ഷൂട്ടിന്റെ ഇടയില്‍ തിയേറ്ററില്‍ പോയതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടി.

‘പണ്ട് കേരളത്തില്‍ സിനിമാ ചിത്രീകരണം എന്നത് അപൂര്‍വമാണ്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളുടെ തട്ടകമായിരുന്നത് മദ്രാസായിരുന്നല്ലോ. താരങ്ങളും അന്ന് അവിടെയായിരുന്നു താമസിച്ചിരുന്നത്. വല്ലപ്പോഴും പാട്ട് സീന്‍ എടുക്കാനാണ് കേരളത്തില്‍ പോകുന്നത്.

അത് കേരളത്തനിമ കൊണ്ടു വരാന്‍ തെങ്ങും മറ്റുമുള്ള സീനറി ചിത്രീകരിക്കാനാണ്. ആ സമയത്ത് നിയന്ത്രിക്കാനാവാത്ത ജനക്കൂട്ടമായിരിക്കും. ഇന്ന് താരങ്ങളെ അടിക്കടി കാണാനും അവരുടെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് അവസരമുണ്ട്.

അന്നത്തെ സ്ഥിതി അങ്ങനെ അല്ലല്ലോ. ഒരിക്കല്‍ അത്തരത്തില്‍ ചിത്രീകരണത്തിനിടയില്‍ വീണുകിട്ടിയ ബ്രേക്കില്‍ ഞാന്‍, നസീര്‍ സാര്‍, അടൂര്‍ ഭാസി എന്നിവരൊക്കെ കൂടി ഒരു പടം കാണാന്‍ പോയി. ഞങ്ങള്‍ തന്നെ അഭിനയിച്ച ചിത്രമായിരുന്നു.

തലയില്‍ മുണ്ടൊക്കെ ഇട്ടും മുഖം മറച്ചുമൊക്കെയാണ് പോയത്. തിയേറ്ററിനകത്ത് ലൈറ്റ് ഓഫായതിന് ശേഷമാണ് കയറിയിരുന്നതും. പക്ഷേ ഇടയ്ക്ക് ആരോ ഞങ്ങളെ തിരിച്ചറിഞ്ഞു. അതോടെ തീര്‍ന്നു.

പിന്നെ അവിടെ നിന്ന് ആര്‍ക്കും പടം കാണണ്ട. എല്ലാവരും ഞങ്ങളെ അടുത്തു കാണാന്‍ ഓടിക്കൂടി. തിയേറ്റര്‍ മാനേജറും മറ്റും ചേര്‍ന്ന് പുറകിലെ വഴിയിലൂടെയാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്.

ആക്ഷന്‍ സിനിമകളിലൊക്കെ കാണുന്ന രംഗങ്ങളായിരുന്നു. മതിലൊക്കെ ചാടി, വീടിന്റെ ടെറസിലൊക്കെ വലിഞ്ഞുകേറി. അവിടുന്നു ചാടി. അങ്ങനെ ഒക്കെയാണ് അന്ന് രക്ഷപ്പെട്ട് കാറിനടുത്തെത്തിയത്. അത്രയ്ക്കായിരുന്നു അന്നത്തെ ആരാധന,’ ഷീല പറയുന്നു.

Content Highlight: Sheela Talks About Shooting Experience With Prem Nazir