മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തിൽ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്നു. 1980ൽ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ൽ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.
ഏറ്റവുമധികം ചിത്രങ്ങളിൽ നായകനും നായികയുമായി അഭിനയിച്ചവർ എന്ന റെക്കോഡിന് ഉടമകളാണ് പ്രേം നസീറും ഷീലയും. മലയാളികളുടെ എക്കാലത്തെയും പ്രിയജോഡികൾ എന്ന വിശേഷണവും ഇരുവർക്കുമുണ്ട്. പ്രേം നസീറിനൊപ്പമുള്ള സിനിമാനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷീല.
‘എത്രയെത്ര സിനിമകളിൽ അഭിനയിച്ച മികച്ച നടനല്ലേ അദ്ദേഹം. ആർക്കുണ്ട് അതിൽ എതിരഭിപ്രായം! പേരുപോലെതന്നെ സുന്ദരനായിരുന്നു നസീർ സാർ. ക്ലോസപ്പിൽ ഏത് ആംഗിളിൽ വെച്ചാലും ഭയങ്കര ഭംഗിയാണ്. അതിനാൽ തന്നെ ക്ലോസപ്പ് ഷോട്ട് വരുന്ന എത്രയോ ഗാനരംഗങ്ങളുണ്ടായി നിരവധി നായികമാർക്കൊപ്പം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പക്ഷേ, ഏറ്റവുമധികം ചിത്രങ്ങളിൽ ഒന്നിച്ച് ഞങ്ങളായിരുന്നു എന്ന് മാത്രം. എല്ലാവർക്കും ഞങ്ങളുടെ ജോടി ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെയാണ് നിർമാതാക്കൾ ആ രസതന്ത്രം വീണ്ടും ചേർത്ത് വെച്ച് പടമെടുത്തതും. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച സമയമായിരുന്നു അത്.
പേരുപോലെതന്നെ സുന്ദരനായിരുന്നു നസീർ സാർ. ക്ലോസപ്പിൽ ഏത് ആംഗിളിൽ വെച്ചാലും ഭയങ്കര ഭംഗിയാണ്.
ഇത്തരത്തിലുള്ള വേഷമേ ചെയ്യൂ എന്ന പിടിവാശി ഇല്ലാത്ത ആളാണ് നസീർ സാർ. നായകനേ ആകു എന്നദ്ദേഹം തീരുമാനിച്ചില്ല. വില്ലനായും ഹാസ്യതാരമായും മറ്റ് വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെയും നായകനല്ല താനൊരു മികച്ച നടനാണെന്ന് അദ്ദേഹം തെളിയിച്ചു. ‘മകനേ നിനക്കു വേണ്ടി’പോലുള്ള ചിത്രങ്ങളിൽ എന്റെ മകനായിട്ടും അദ്ദേഹം വേഷമിട്ടു. മരുമകനായും അഭിനയിച്ചിട്ടുണ്ട്,’ ഷീല പറയുന്നു.