പ്രേം നസീറുമായി 107 പടങ്ങള്‍ താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ സത്യനുമായി എഴുപത് സിനിമകളും മധുവുമായി നാല്പത് സിനിമകളും ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് നടി ഷീല. പ്രേം നസീറിന്റെ കൂടെ നൂറ് സിനിമകള്‍ കഴിഞ്ഞതിന് ശേഷമാണ് ആളുകള്‍ അത് ശ്രദ്ധിച്ച് തുടങ്ങിയതെന്നും അഭിനയിക്കാന്‍ വന്നപ്പോള്‍ തനിക്ക് സത്യന്‍ ആരാണെന്നോ എം.ജി.ആര്‍ ആരാണെന്നോ ഒന്നും അറിയില്ലായിരുന്നുവെന്നും ഷീല പറഞ്ഞു.
13 വയസായപ്പോള്‍ അഭിനയിക്കാന്‍ വന്നതാണെന്നും കളിച്ചുകൊണ്ടിരുന്ന പ്രായത്തില്‍ കൊണ്ടുപോയി സാരിയും ബ്ലൗസും കെട്ടിച്ച് അഭിനയിക്കാന്‍ പറഞ്ഞുവെന്നും അഭിനയിച്ചുവെന്നും നടി കൂട്ടിച്ചേര്‍ത്തു. തന്നെ അവര്‍ക്കായിരുന്നു ആവശ്യമെന്നും അതുകൊണ്ടുതന്നെ നായകന്മാരെക്കാള്‍ പ്രതിഫലം കിട്ടിയിരുന്നുവെന്നും ഷീല വ്യക്തമാക്കി.
ഇന്ന് നയന്‍താര നായകന്മാരെക്കാള്‍ പ്രതിഫലം വാങ്ങുന്നില്ലേയെന്നും അതുപോലെതന്നെയായിരുന്നു താണെന്നും നയന്‍താര വളരെ നല്ല പെണ്ണാണെന്നും എപ്പോഴും തന്നെ വിളിക്കുമെന്നും അവര്‍ പറഞ്ഞു.
‘അന്ന് 107 പടങ്ങള്‍ ഞാന്‍ നസീര്‍സാറുമായി ഉണ്ടെങ്കില്‍ ഒരു 70 പടങ്ങള്‍ സത്യന്‍ സാറുമായി ചെയ്തിട്ടുണ്ട്. ഒരു പത്തുനാല്‍പത് പടം മധുസാറിന്റെ കൂടെയുമുണ്ട്. നസീറിന്റെ കൂടെ 100 പടം കഴിഞ്ഞതിനാലാണ് ആളുകള്‍ അത്രയൊക്കെ ശ്രദ്ധിച്ചത്. ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോ എനിക്ക് സത്യന്‍ സാര്‍ ആരാണ്, എം.ജി.ആര്‍. ആരാണ് എന്നൊന്നുമറിയില്ല.
13 വയസായപ്പോള്‍ അഭിനയിക്കാന്‍ വന്നതല്ലേ. കളിച്ചോണ്ടിരുന്ന പ്രായത്തില്‍ കൊണ്ടുപോയി സാരിയും ബ്ലൗസും കെട്ടിച്ച് അഭിനയിക്കാന്‍ പറഞ്ഞു. അഭിനയിച്ചു. അതുതന്നെ.
എന്നിട്ടും നായകന്മാരേക്കാള്‍ പ്രതിഫലം കിട്ടിയിരുന്നു. എന്നെ ആവശ്യമുണ്ടായിരുന്നു അവര്‍ക്ക്. ഇന്നിപ്പോള്‍ നയന്‍താര വാങ്ങുന്നില്ലേ വലിയ പ്രതിഫലം? ആ കാലത്ത് അങ്ങനെയായിരുന്നു ഞാന്‍ എന്നു വെച്ചോളൂ.
നയന്‍താര ആദ്യം വന്നത് മനസ്സിനക്കരയിലൂടെ എന്റെ കൂടെയായിരുന്നു. നല്ല പെണ്ണാണ്. എപ്പോഴും വിളിക്കും, സംസാരിക്കും, വളരെ നല്ല പെണ്ണാണ്,’ ഷീല പറയുന്നു.