മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.
1962ലാണ് എം.ജി.ആര്‍ നായകനായ പാസം എന്ന സിനിമയിലൂടെ ഷീല തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്.
അഭിനയത്തിന് പുറമെ സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഷീലക്ക് സാധിച്ചിരുന്നു. നടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് യക്ഷഗാനം. ഈ സിനിമയില്‍ മധുവും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ മധുവിനെ കുറിച്ച് പറയുകയാണ് ഷീല.
‘1975ല്‍ ആണെന്ന് തോന്നുന്നു. അഭിനേത്രിയായി നില്‍ക്കുന്ന സമയത്ത് ഒരു തമിഴ് പത്രപ്രവര്‍ത്തകനായ മതിയൊളി ഷണ്‍മുഖത്തിന് ഒരു ആഗ്രഹമുണ്ടായി. ഒരു മലയാളചിത്രം നിര്‍മിക്കണമെന്നതായിരുന്നു അത്.
ആ ചിത്രം ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്നും ആഗ്രഹിച്ചു. ഒരു വനിതാ ഡയറക്ടര്‍ മലയാളസിനിമയില്‍ ഇല്ലാതിരുന്ന കാലമാണ് അത്. ആ മേലങ്കി എനിക്കൊന്ന് അണിയണമെന്നൊരു മോഹവും കൂടിയുണ്ടായിരുന്നു.
ഒടുവില്‍ ആ പ്രോജക്ട് സഫലമായി. നായകനായി മധു സാറിനെ ക്ഷണിച്ചു. അന്നത്തെ ഏറെ തിരക്കുള്ള നായകസംവിധായകന്‍ കൂടിയായിരുന്നു മധു സാര്‍. എന്നിട്ടും മറ്റു ചോദ്യമൊന്നുമില്ലാതെ അദ്ദേഹം കാള്‍ഷീറ്റ് തന്നു.
പ്രിയ എന്ന ചിത്രം സംവിധാനം ചെയ്ത് വിജയം കണ്ട് നല്ലൊരു സംവിധായകന്‍ എന്ന നിലയില്‍ മധു സാര്‍ അംഗീകരിക്കപ്പെട്ട അവസരം കൂടിയായിരുന്നു അത്. സെറ്റില്‍ വന്നാല്‍ എന്നെ കേറി ഭരിച്ചുകളയുമോ എന്ന് ഞാന്‍ സ്വാഭാവികമായും സംശയിക്കാതിരുന്നില്ല.
എന്നാല്‍ സെറ്റിലെത്തിയ മധു സാര്‍ ഒരു കൊച്ചുപയ്യനെ പോലെ ഒരു തുടക്കക്കാരന്റെ നിഷ്‌കളങ്കതയോടെ സംവിധായികയായ എന്റെ നിര്‍ദേശങ്ങള്‍ വളരെ കൂളായി അനുസരിക്കുകയായിരുന്നു ചെയ്തത്,’ ഷീല പറയുന്നു.
1976ല്‍ നടി ഷീല ആദ്യമായി സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് യക്ഷഗാനം. ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രത്തില്‍ ഷീലയ്ക്ക് ഒപ്പം മധു, കെ.പി. ഉമ്മര്‍, അടൂര്‍ ഭാസി, തിക്കുറിശ്ശി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
Content Highlight: Sheela Talks About Madhu And Yakshagaanam Movie