മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.
ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ തനിക്ക് പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ഷീല. ചെമ്മീന്‍ എന്ന സിനിമയിലെ കറുത്തമ്മ എന്ന കഥാപാത്രത്തെ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ചെമ്മീന്‍ ഷീലയുടെ മാത്രം സിനിമയായിരുന്നില്ലെന്നും ഷീല പറയുന്നു.
കള്ളിച്ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിലെ തന്റെ കഥാപാത്രങ്ങള്‍ തനിക്ക് പ്രിയപ്പെട്ടവയാണെന്നും കള്ളിച്ചെല്ലമ്മയും കടത്തനാട്ട് മാക്കവും ഷീലയുടെ മാത്രം സിനിമകളാണെന്ന് ഷീല പറഞ്ഞു.
‘കറുത്തമ്മയെ വളരെ ഇഷ്ടമാണ്. എന്നാല്‍ ചെമ്മീന്‍ ഷീലയുടെ മാത്രം സിനിമയായിരുന്നില്ല. കൊട്ടാരക്കര ശ്രീധരന്‍ നായര്‍, മധു, സത്യന്‍, എന്നിവരുടെയെല്ലാം സിനിമ. പക്ഷേ, അക്കാലത്ത് ‘ചെമ്മീന്‍ ഷീല’ എന്നാണ് തമിഴ്‌നാട്ടില്‍ ഞാനറിയപ്പെട്ടിരുന്നത്.
കള്ളിച്ചെല്ലമ്മ, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു പെണ്ണിന്റെ കഥ തുടങ്ങിയ സിനിമകളിലെ എന്റെ കഥാപാത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടവയാണ്. കള്ളിച്ചെല്ലമ്മയും കടത്തനാട്ട് മാക്കവും ഷീലയുടെ മാത്രം സിനിമകളാണെന്ന് പറയാം. എന്റെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും,’ ഷീല പറയുന്നു.
അഭിനയത്തിന് പുറമെ എഴുത്തിലും ചിത്രരചനയിലും പ്രാവീണ്യമുള്ളയാളാണ് ഷീല. തന്റെ എഴുത്തുകളെ കുറിച്ചും ചിത്ര രചനയെ കുറിച്ചും ഷീല സംസാരിച്ചു.
‘കുയിലിന്റെ കൂട് എന്ന പേരില്‍ ഒരു നോവലെഴുതി. അത് മാത്യഭൂമിയാണ് പ്രസിദ്ധീകരിച്ചത്. കുയില്‍ ഒരിക്കലും കൂട് കെട്ടാറില്ല..കാക്കക്കൂട്ടിലാണ് മുട്ടയിടാറ്, ആ ഒരു ചിന്തയെ ആധാരമാക്കി, തുടങ്ങിയവയെല്ലാം അന്നെഴുതിയ നോവലുകളാണ്. തമിഴില്‍ ചെറുകഥകളെഴുതിയിട്ടുണ്ട്. പണ്ട് ടി. വിയൊന്നും ഇത്ര പ്രചാരത്തിലില്ല. ഷൂട്ടിങ്ങിനിടയിലും മറ്റും കിട്ടുന്ന ഇടവേളകളില്‍ ചിത്രരചനയും കഥയെഴുത്തുമായിരുന്നു.
അന്ന് വരച്ച ചിത്രങ്ങള്‍ വെച്ച് ഒരു പ്രദര്‍ശനവും നടത്തി. ചെറുകഥകളെല്ലാം തമിഴിലെ പ്രമുഖ ആനുകാലികങ്ങളായ ആനന്ദ വികടന്‍, കുമുദം, പത്രമായ സ്വദേശ മിത്രന്‍ എന്നിവയില്‍ അച്ചടിച്ചുവന്നു. മറ്റൊരു കാര്യമറിയുമോ, എന്റെ മിക്ക കഥകള്‍ക്കും ചിത്രം വരച്ചിരുന്നത് തമിഴ് നടന്‍ സൂര്യയുടെ അച്ഛന്‍ ശിവകുമാറായിരുന്നു. അദ്ദേഹം നല്ലൊരു ചിത്രകാരനാണ്,’ ഷീല പറഞ്ഞു.