മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിയാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടി രണ്ടു പതിറ്റാണ്ടു കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നിരുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്.
നടന്‍ സത്യനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടി ഷീല. തന്റെ ആദ്യത്തെ ഹീറോ സത്യന്‍ ആയിരുന്നുവെന്നും ഭാഗ്യജാതകം എന്ന സിനിമയായിരുന്നു അതെന്നും ഷീല പറയുന്നു. ആ സമയത്ത് തനിക്ക് പതിമൂന്ന് വയസേയുള്ളൂവെന്നും ഒരു നായികയാണെന്ന് തോന്നില്ലായിരുന്നുവെന്നും ഷീല പറഞ്ഞു.
സെറ്റില്‍ തന്നെ കണ്ടയുടനെ സത്യന്‍ സംവിധായകനായ പി. ഭാസ്‌കരനോട് ‘ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നത്?’ എന്ന് ചോദിച്ചെന്നും നടി കൂട്ടിച്ചേര്‍ത്തു. ഭാഗ്യജാതകം, വാഴ്വേമായം, അശ്വമേധം, ശരശയ്യ, ചെമ്മീന്‍, കരിനിഴല്‍ തുടങ്ങി തന്റെ ശക്തമായ കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമായിരുന്നുവെന്നും ഷീല വ്യക്തമാക്കി.
‘എന്റെ ആദ്യത്തെ ഹീറോ സത്യന്‍ മാസ്റ്ററായിരുന്നു. ഭാഗ്യജാതകം എന്ന സിനിമയില്‍. തീരെ ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. പതിമൂന്ന് വയസേയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍, ഒരു നായികയാണെന്ന് തോന്നില്ല. പി. ഭാസ്‌കരന്‍ മാസ്റ്ററായിരുന്നു ആ പടത്തിന്റെ സംവിധായകന്‍.
സെറ്റില്‍ എന്നെ കണ്ടയുടനെ സത്യന്‍ സാര്‍ ഭാസ്‌കരന്‍ മാസ്റ്ററോട് പറഞ്ഞു, ‘അയ്യയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നത്?’ എന്ന്. അന്ന് കുറച്ചുകൂടി വലുപ്പവും തടിയുമൊക്കെ ഉണ്ടെങ്കിലേ നായികയാണെന്ന് പറയൂ. മേക്കപ്പ് ചെയ്യുന്നവരും വസ്ത്രാലങ്കാരം ചെയ്യുന്നവരും എല്ലാവരും കൂടി പരിശ്രമിച്ച് എന്നെ ഒരു വലിയ ആളായി തോന്നുന്ന വിധം മാറ്റിയെടുത്തു.
അന്നാണ് ഞാനാദ്യമായി സാരിയുടുക്കുന്നത്. അതൊക്കെയാണ് സത്യന്‍ സാറിനെപ്പറ്റിയുള്ള ആദ്യ ഓര്‍മകള്‍. എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമാണ്. നസീര്‍ സാറിനോടൊപ്പമല്ല. ഭാഗ്യജാതകം, വാഴ്വേമായം, അശ്വമേധം, ശരശയ്യ, ചെമ്മീന്‍, കരിനിഴല്‍, എല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നു,’ ഷീല പറയുന്നു.