എന്റെ മുണ്ടില്‍ രക്തം കണ്ട് ഭയന്നു; ആ നടന്റെ മൂക്കില്‍ നിന്ന് ചോര ഒഴുകുകയായിരുന്നു: ഷീല
Entertainment
എന്റെ മുണ്ടില്‍ രക്തം കണ്ട് ഭയന്നു; ആ നടന്റെ മൂക്കില്‍ നിന്ന് ചോര ഒഴുകുകയായിരുന്നു: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 10:58 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ടു പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.

1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. ഇതിനിടയില്‍ പ്രേം നസീര്‍, സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമല്‍ ഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ ഷീലക്ക് സാധിച്ചു.

ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ സത്യനെ കുറിച്ച് പറയുകയാണ് ഷീല. ജീവിതത്തില്‍ കാന്‍സര്‍ എന്നൊരു വാക്ക് താന്‍ ആദ്യമായി കേള്‍ക്കുന്നത് അദ്ദേഹത്തില്‍ നിന്നാണെന്നാണ് ഷീല പറയുന്നത്.

‘ജീവിതത്തില്‍ കാന്‍സര്‍ എന്നൊരു വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് സത്യന്‍ സാറില്‍ നിന്നാണ്. അദ്ദേഹത്തിനൊപ്പം എനിക്ക് ഒരുപാട് പടങ്ങളില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഞാന്‍ റിയലിസ്റ്റിക് വേഷങ്ങള്‍ ചെയ്തത് സത്യന്‍ മാഷിന് ഒപ്പമായിരുന്നു.

പ്രേമവും യൗവനവും അഭിനയിച്ചത് നസീര്‍ സാറിനൊപ്പവും. ഇവ രണ്ടും കലര്‍ന്ന് അഭിനയിച്ചത് മധു സാറിനൊപ്പമാണ്. സത്യന്‍ സാറിനൊപ്പം അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് അര്‍ബുദം പിടിപെട്ടിരുന്നുവെന്ന കാര്യം ആര്‍ക്കും അറിയില്ലായിരുന്നു.

അന്ന് കോടമ്പാക്കത്ത് വെച്ച് ഒരു സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. കുളക്കടവില്‍ വെള്ള മുണ്ടും നേര്യതും ഉടുത്ത് ഞാനിരുന്നു. എന്റെ മടിയില്‍ തല വെച്ച് സത്യന്‍ സാറും കിടക്കുന്നുണ്ടായിരുന്നു.

ആ സീന്‍ ഷൂട്ട് ചെയ്ത ശേഷം അദ്ദേഹം എഴുന്നേറ്റപ്പോള്‍ എന്റെ മുണ്ടില്‍ രക്തം പടര്‍ന്നിരിക്കുന്നത് കണ്ടു. ഞാനാകെ ഭയന്നു പോയി. അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്. സത്യന്‍ സാറിന്റെ മൂക്കില്‍ നിന്ന് ചോര ഒഴുകുന്നുണ്ടായിരുന്നു.

സേതുമാധവന്‍ സാറും എം.ഒ. ജോസഫുമെല്ലാം ഓടിയെത്തി. എല്ലാവരും പരിഭ്രാന്തരായി. ഡോക്ടറിന്റെ അടുത്ത് പോകാമെന്ന് സേതുമാധവന്‍ സാര്‍ പറഞ്ഞു. വേണ്ട തനിയെ ഡ്രൈവ് ചെയ്ത് പോയ്‌ക്കോളാമെന്ന് അദ്ദേഹം പറഞ്ഞു.

സത്യന്‍ സാറിന് അന്നൊരു വൈറ്റ് ഫിയറ്റ് കാര്‍ ഉണ്ടായിരുന്നു. ആരെയും ഒപ്പം കൂട്ടാതെ അദ്ദേഹം തന്നെത്താന്‍ ഡ്രൈവ് ചെയ്ത് ചെന്നൈയിലെ കെ.ജി. ഹോസ്പിറ്റലിലേക്ക് പോയി. അത്രയ്ക്കും ആത്മധൈര്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം,’ ഷീല പറയുന്നു.

Content Highlight: Sheela Talks About Actor Sathyan