എന്റെ ആദ്യ ഹീറോ; അയ്യയ്യോ ഈ കൊച്ചാണോ കൂടെ അഭിനയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു: ഷീല
Entertainment
എന്റെ ആദ്യ ഹീറോ; അയ്യയ്യോ ഈ കൊച്ചാണോ കൂടെ അഭിനയിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു: ഷീല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th June 2025, 6:51 pm

മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ഷീല. 1960കളുടെ ആരംഭത്തില്‍ സിനിമയിലെത്തിയ നടിക്ക് രണ്ട് പതിറ്റാണ്ട് കാലം വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചിരുന്നു.

ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരു പെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, വാഴ്വേ മായം, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങി മികച്ച നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഷീലക്ക് സാധിച്ചിരുന്നു.

1968ല്‍ പുറത്തിറങ്ങിയ ഭാര്യമാര്‍ സൂക്ഷിക്കുക എന്ന സിനിമയിലെ ശോഭയെന്ന കഥാപാത്രമാണ് ഷീലയുടെ താരമൂല്യം കൂട്ടിയത്. ഇതിനിടയില്‍ പ്രേം നസീര്‍, സത്യന്‍, മധു, ജയന്‍, സുകുമാരന്‍, കമല്‍ ഹാസന്‍ തുടങ്ങി അന്നത്തെ മുന്‍നിര നായകന്‍മാരുടെയെല്ലാം നായികയാകാന്‍ ഷീലക്ക് സാധിച്ചു.

1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ താത്കാലികമായി അഭിനയ രംഗത്തുനിന്ന് വിട്ടുനിന്ന ഷീല 2003ല്‍ മനസിനക്കരെ എന്ന സിനിമയിലൂടെയാണ് തിരിച്ചുവരുന്നത്. ഇപ്പോള്‍ നടന്‍ സത്യനെ കുറിച്ച് പറയുകയാണ് ഷീല.

‘സത്യത്തില്‍ എന്റെ ആദ്യത്തെ ഹീറോ സത്യന്‍ മാസ്റ്ററായിരുന്നു. ഭാഗ്യജാതകം എന്ന സിനിമയിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അന്ന് ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. എനിക്ക് അപ്പോള്‍ 13 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ അന്ന് അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍ എന്നെ കണ്ടാല്‍ ഒരു നായികയാണെന്ന് തോന്നില്ലായിരുന്നു. പി. ഭാസ്‌കരന്‍ മാസ്റ്ററായിരുന്നു ആ സിനിമയുടെ സംവിധായകന്‍.

അന്ന് സെറ്റില്‍ എന്നെ കണ്ടയുടനെ സത്യന്‍ സാര്‍ ഭാസ്‌കരന്‍ മാസ്റ്ററോട് ചോദിച്ചത് ‘അയ്യയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നത്?’ എന്നായിരുന്നു. അന്നാണെങ്കില്‍ കുറച്ചുകൂടി വലുപ്പവും തടിയുമൊക്കെ ഉണ്ടെങ്കിലേ നായികയാണെന്ന് പറയുകയുള്ളൂ.

അവസാനം മേക്കപ്പ് ചെയ്യുന്നവരും വസ്ത്രാലങ്കാരം ചെയ്യുന്നവരും ചേര്‍ന്ന് നന്നായി പരിശ്രമിച്ച് എന്നെ ഒരു വലിയ ആളായി തോന്നുന്ന വിധം മാറ്റിയെടുത്തു. അന്നാണ് സത്യത്തില്‍ ഞാന്‍ ആദ്യമായി സാരിയുടുക്കുന്നത്,’ ഷീല പറയുന്നു.

Content Highlight: Sheela Says Sathyan Is Her First Hero In Cinema