റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഗോട്ട് ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക്. ആര്‍.സി.ബിക്ക് വേണ്ടി അവിസ്മരണീയമായ പോരാട്ടങ്ങള്‍ നടത്തിയ വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്നുകൊണ്ട് രജത് പടിദാറിനെയാണ് പൊള്ളോക്ക് ‘ഗോട്ട്’ എന്ന് വിശേഷിപ്പിച്ചത്.
ക്യാപ്റ്റനായി ചുമതലയേറ്റ ആദ്യ സീസണില്‍ തന്നെ ടീമിന് കിരീടം നേടിക്കൊടുക്കാന്‍ സാധിച്ചത് പടിദാറിന്റെ ഏറ്റവും വലിയ നേട്ടമെന്നാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം പറഞ്ഞത്. ക്രിക് ബസിലൂടെ സംസാരിക്കുകയായിരുന്നു പൊള്ളോക്ക്.
‘ആര്‍.സി.ബിയുടെ ഏറ്റവും മികച്ച ക്യാപ്റ്റനായി പടിദാര്‍ തുടരും. ക്യാപ്റ്റനായ ആദ്യ വര്‍ഷത്തില്‍ തന്നെ അദ്ദേഹം ടീമിനെ കിരീടത്തിലേക്ക് നയിച്ചു. ഈ വര്‍ഷവും അവര്‍ മികച്ച പ്രകടനം തുടരുകയാണ്. ആര്‍.സി.ബി ഒരുപാട് മത്സരങ്ങള്‍ പരാജയപ്പെടുന്നതും പ്ലേ ഓഫിലേക്ക് യോഗ്യത നേടാതിരിക്കുന്നതും ഇനി നിങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. ഇത്രയും കാലം കിരീടം നേടാതെ പോയ ഒരു ഫ്രാഞ്ചൈസിയെ ഏറ്റെടുത്ത് ആ ഒരു ലെവലില്‍ ട്രോഫി നേടാന്‍ സാധിച്ചത് വീണ്ടും അദ്ദേഹത്തെ ഒന്നാം സ്ഥാനത്തെത്തിക്കും. അവന്‍ തന്നെയാണ് ഗോട്ട്’, ഷോണ്‍ പൊള്ളോക്ക് പറഞ്ഞു.
നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് കഴിഞ്ഞ സീസണാണ് ബെംഗളൂരു കിരീടം ചൂടിയത്. പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു ചാമ്പ്യന്മാരായത്. വിരാട് കോഹ്ലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, ഫാഫ് ഡു പ്ലെസി തുടങ്ങിയ ക്യാപ്റ്റന്മാര്‍ക്കൊന്നും സാധിക്കാത്ത കാര്യമാണ് രജത് പടിദാര്‍ ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ തന്നെ നേടിയെടുത്തത്.
ഈ സീസണിലും കിരീടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് ആര്‍.സി.ബി. നിലവില്‍ എട്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് ജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റാണ് ആര്‍.സി.ബിക്കുള്ളത്. നിലവില്‍ രണ്ടാം സ്ഥാനത്താണ് പടിദാറും സംഘവും. വരാനിരിക്കുന്ന മത്സരങ്ങളില്‍ വിജയിക്കാനായാല്‍ പ്ലേ ഓഫിലേക്ക് മുന്നേറാനും ബെംഗളൂരുവിന് സാധിക്കും.
അതേസമയം ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ വമ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കിയത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരു നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹി 16.3 ഓവറില്‍ 75 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു 6.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഐ.പി.എല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ ചെയ്‌സിങ്ങാണ് നിലവിലെ ചാമ്പ്യന്മാര്‍ ദല്‍ഹിക്കെതിരെ നടത്തിയത്.
Content Highlight: Shaun Pollock Talks Rajat Patidar is the goat of Royal Challengers Bangalore