തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റെയും കൃപേഷിന്റേയും ഓര്‍മദിനത്തില്‍ പങ്കുവെച്ച പോസ്റ്റ് തിരുത്തി ശശി തരൂര്‍ എം.പി. ‘സി.പി.ഐ.എം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടെപ്പിറപ്പുകള്‍’ എന്നെഴുതിയ പോസ്റ്ററാണ് ശശി തരൂര്‍ ഫേസ്ബുക്കിൽ ആദ്യം പങ്കുവെച്ചത്.
‘പ്രിയപ്പെട്ടവരുടെ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം’ എന്ന കുറിപ്പോട് കൂടിയായിരുന്നു പോസ്റ്റ്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് എം.പി ഈ പോസ്റ്റില്‍ തിരുത്തല്‍ വരുത്തിയിരിക്കുകയാണ്.
‘ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്,’ എന്നാണ് ശശി തരൂര്‍ തിരുത്തിയത്.
ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ശശി തരൂര്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയത് വലിയ വിവാദമായിരിക്കെയാണ് എം.പി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രണാമമര്‍പ്പിച്ച് പോസ്റ്റ് പങ്കുവെക്കുന്നത്.
ലേഖനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ശശി തരൂരിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കേരളം വ്യവസായ സൗഹൃദമായ ഇടമാണെന്ന് പറഞ്ഞ തരൂര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചയെയും ലേഖനത്തില്‍ പുകഴ്ത്തിയിരുന്നു.
തുടർന്ന് സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചെന്നും തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ നടക്കാനിരിക്കെ ശശി തരൂരിന്റെ ഇത്തരത്തിലുള്ള പരാമര്‍ശം തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സി.പി.ഐ.എമ്മിനെ നരഭോജിയെന്ന് വിശേഷിപ്പിച്ച് തരൂര്‍ പോസ്റ്റിടുന്നത്.