'ഇതൊരു പോരാട്ടമാണ്, അവസാനം വരെയുള്ള പോരാട്ടം'; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ശശി തരൂര്‍
national news
'ഇതൊരു പോരാട്ടമാണ്, അവസാനം വരെയുള്ള പോരാട്ടം'; അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറുകയാണെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 2:01 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍ എം.പി. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്ന് താന്‍ പിന്മാറിയിട്ടില്ലെന്നും മത്സരം ശക്തമാക്കാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് തരൂര്‍ ഇക്കാര്യ വ്യക്തമാക്കിയത്.

‘ദല്‍ഹി കേന്ദ്രീകരിച്ചുള്ള ചില മാധ്യമങ്ങളില്‍ ഞാന്‍ ഇന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വെല്ലുവിളികളില്‍ ഞാന്‍ തിരിച്ചുപോകില്ല. ഇതുവരെ അതുണ്ടായിട്ടില്ല. ഇനിയുമതുണ്ടാകില്ല.

ഇതൊരു പോരാട്ടമാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള സൗഹൃദപരമായ പോരാട്ടമാണിത്, അവസാനം വരെയുള്ള പോരാട്ടം. ആ കര്‍ത്തവ്യം തീരുന്നത് വരെ ഞാന്‍ ഇവിടെ തന്നെ കാണും,’ അദ്ദേഹം പറഞ്ഞു.

അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ പിന്തുണച്ച് കാര്‍ത്തി പി. ചിദംബരം എം.പി രംഗത്തെത്തിയിരുന്നു.

അദ്ദേഹത്തിന്റെ പ്രായോഗിക ആധുനികവാദവും പാര്‍ട്ടിക്കപ്പുറമുള്ള അദ്ദേഹത്തിന്റെ ജനപ്രീതിയും ബി.ജെ.പി എന്ന ദുഷ്ടശക്തിക്കെതിരെയുള്ള പോരാട്ടത്തിന് നിര്‍ണായകമാണ്.

തല്‍സ്ഥിതിയും ബിസിനസും പാര്‍ട്ടിയെ സഹായിക്കില്ല. പരിഷ്‌കരണ ചിന്തകളാണ് പാര്‍ട്ടിക്ക് ആവശ്യം,’ കാര്‍ത്തി പി. ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് എന്താണ് വേണ്ടതെന്ന് മനസിലാക്കുന്നതില്‍ നന്ദിയുണ്ടെന്നായിരുന്നു ശശി തരൂരിന്റെ മറുപടി. മാറ്റത്തിനുള്ള സമയമാണിതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസിനുള്ളില്‍ പല പ്രവര്‍ത്തകരും അസന്തുഷ്ടരെന്ന് ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു.

‘ജനാധിപത്യ രാജ്യത്തെ പാര്‍ട്ടിയുടെ അകത്തും ജനാധിപത്യം വേണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്. വിഷയങ്ങള്‍ മനസിലാക്കി, പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യട്ടെ’, തരൂര്‍ പറഞ്ഞു.
ഇങ്ങനെ ഒരു തെരഞ്ഞെടുപ്പില്‍ വലിയ നേതാക്കളുടെ പിന്തുണയല്ല താന്‍ പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

സാധാരണ പ്രവര്‍ത്തകരുടെ ശബ്ദം കേള്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ അകത്ത് അസംതൃപ്തരായവര്‍ക്കും, വിഷമം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ആരുമില്ല. ചിലര്‍ ആ പ്രശ്‌നം കൊണ്ട് പാര്‍ട്ടി വിട്ടുപോകുന്നുണ്ട്. ജനാധിപത്യമാകുമ്പോള്‍ പ്രവര്‍ത്തകര്‍ക്ക് അവരുടെ ശബ്ദം കേള്‍പ്പിക്കാം. പാര്‍ട്ടിയുടെ അകത്ത് അവരുടെ അഭിപ്രായം കേള്‍ക്കാന്‍ ആരുമില്ലെന്ന് പ്രവര്‍ത്തകര്‍ക്ക് തോന്നരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Shashi Tharoor clarifies the statement that he is withdrawing the congress presidential poll nomination