എന്തിനാണ് ട്വിറ്ററില്‍ എല്ലാവരും പൊട്ടിയ പടങ്ങളുടെ രണ്ടാം ഭാഗം വേണമെന്ന് ഇങ്ങനെ ആവശ്യപ്പെടുന്നത്: ഷാരൂഖ് ഖാന്‍
Entertainment
എന്തിനാണ് ട്വിറ്ററില്‍ എല്ലാവരും പൊട്ടിയ പടങ്ങളുടെ രണ്ടാം ഭാഗം വേണമെന്ന് ഇങ്ങനെ ആവശ്യപ്പെടുന്നത്: ഷാരൂഖ് ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 1st April 2021, 12:06 am

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ കുറിക്കുകൊള്ളുന്ന മറുപടികള്‍ പണ്ട് മുതലേ പ്രശസ്തമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ പല ചോദ്യങ്ങള്‍ക്കും മറുപടിയും നല്‍കാറുണ്ട്.

ഇപ്പോള്‍ #AskSRK എന്ന പേരില്‍ ഷാരൂഖ് ഖാന്‍ നടത്തിയ ഒരു ചോദ്യോത്തര പരിപാടിയും അതില്‍ താരം നല്‍കിയ മറുപടികളുമാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ട്വിറ്ററിലൂടെയാണ് ആരാധകര്‍ക്ക് തന്നോട് സംസാരിക്കാന്‍ ഷാരൂഖ് അവസരമൊരുക്കിയത്. സിനിമയുമായും വ്യക്തിജീവിതവുമായും ബന്ധപ്പെട്ട ചോദ്യങ്ങളുമായി ഉടന്‍ തന്നെ നിരവധി പേരെത്തി.

ഷാരൂഖ് ഖാനും അനുഷ്‌ക ശര്‍മയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്നുവരുമെന്നായിരുന്നു ഇക്കൂട്ടത്തില്‍ ഒരു ചോദ്യം. ഇതിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്.

‘ട്വിറ്ററില്‍ എല്ലാവരും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ട ചിത്രങ്ങളുടെ രണ്ടാം ഭാഗത്തിനായി ആവശ്യപ്പെടുന്നതെന്തിനാണ്?’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. സല്‍മാന്‍ ഖാനെ കുറിച്ച് രണ്ട് വാക്ക് പറയണമെന്നായിരുന്നു മറ്റൊരാളുടെ ആവശ്യം. ഭായ് എന്നും ഭായ് ആയിരിക്കുമെന്നായിരുന്നു ഇതിന് ഷാരൂഖിന്റെ മറുപടി.

ഞാന്‍ പഠിക്കണോ അതോ നിങ്ങള്‍ക്ക് ടെക്‌സ്റ്റ് ചെയ്തുകൊണ്ടിരിക്കണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഇരുന്ന് പഠിക്കൂവെന്ന് ഷാരൂഖ് മറുപടി നല്‍കി.

മുന്‍പൊരിക്കല്‍ തനിക്ക് സുഹൃത്തുക്കളില്ലെന്നും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ അറിയില്ലായെന്നും പറഞ്ഞിരുന്നല്ലോ ഇപ്പോഴും അങ്ങനെ തന്നെയാണോയെന്ന് മറ്റൊരു ആരാധകന്‍ ചോദിച്ചു. ഇപ്പോള്‍ കാര്യങ്ങള്‍ മാറി. എന്റെ മക്കള്‍ എന്റെ സുഹൃത്തുക്കളാണെന്നാണ് ഷാരൂഖ് ഇതിന് മറുപടി നല്‍കിയത്.


ഇത്തരത്തില്‍ രസകരമായ മറുപടികളാണ് ഓരോ ചോദ്യത്തിനും ഷാരൂഖ് നല്‍കിയിരിക്കുന്നത്. അവസാനം ചോദ്യോത്തര പരിപാടി അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ഷാരൂഖ് ചെയ്ത ട്വീറ്റും എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ചു.

‘ഞാന്‍ ഇപ്പോള്‍ ഇത് നിര്‍ത്തിയില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാതിരിക്കാനാണ് താല്‍പര്യമെന്ന് എല്ലാവരും വിചാരിക്കും. നിങ്ങളുടെ സമയത്തിനും ക്ഷമക്കും ഒരുപാട് നന്ദി. മറുപടി ലഭിക്കാത്തവര്‍ വിഷമിക്കരുത്. ഞാന്‍ കുറച്ച് സ്വാര്‍ത്ഥമായാണ് പെരുമാറിയതെന്ന് അറിയാം, പക്ഷെ ഇത് ഞാന്‍ എനിക്ക് വേണ്ടിയാണ് ചെയ്തത്. എനിക്ക് നല്ല രസമായിരുന്നു മൊത്തത്തിലെന്ന് എന്തായാലും ഉറപ്പിച്ച പറയാം,’ ഷാരൂഖിന്റെ ട്വീറ്റില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Sharukh Khan’s funny reply to fans’ questions on twitter