നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാരി. പത്മരാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശാരിയും മോഹന്‍ലാലുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തന്റെ സിനിമ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളെന്നും കന്യകാത്വവും ബന്ധങ്ങളും സ്ത്രീ മനസുകളുമൊക്കെ മനോഹരമായാണ് പത്മരാജന്‍ വരച്ചതെന്നും ശാരി പറഞ്ഞു.
‘എന്റെ സിനിമാ കരിയര്‍ തന്നെ വിജയകരമായി അടയാളപ്പെടുത്തിയ കഥാപാത്രമല്ലേ മുന്തിരിത്തോപ്പിലെ സോഫിയ. കന്യകാത്വവും ബന്ധങ്ങളും സ്ത്രീ മനസുകളുമൊക്കെ എത്ര മനോഹരമായാണ് പത്മരാജന്‍ സാര്‍ ആ സിനിമയില്‍ വരച്ചിട്ടിരിക്കുന്നത്. പാതിരാത്രിയില്‍ ലോറിയുടെ ഹോണ്‍മുഴക്കത്തിനുശേഷം സോളമന്റെ ചോദ്യവും അതിന് മടിച്ചുമടിച്ചു ഞാന്‍ നല്‍കുന്ന ഉത്തരവും പോലെ സത്യസന്ധമായ മറ്റൊരു ഡയലോഗ് മറ്റേതെങ്കിലും സിനിമയില്‍ കാണാനാകുമോയെന്ന് സംശയമാണ്.
തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പത്മരാജന്‍ സിനിമയിലേക്ക് ക്ഷണം വരുന്നത്. ആദ്യം ഭാഷ അറിയാത്തതിന്റെ പേരില്‍ അല്‍പം മടിച്ചെങ്കിലും പിന്നെ പോകാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. മുന്തിരിത്തോപ്പില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ ഡയലോഗ് തെറ്റിക്കുമോ, ഒരുപാട് റീടേക്ക് വരുമോ, മോഹന്‍ലാല്‍ അടക്കമുള്ള മറ്റ് താരങ്ങള്‍ എന്റെ തെറ്റ് കാരണം മൂഡ്ഓഫ് ആകുമോ എന്നൊക്കെ ചിന്തിച്ചായിരുന്നു എന്റെ നടപ്പ്.
പത്മരാജന്‍ സാര്‍ പക്ഷേ കൂളായ മനുഷ്യനായിട്ടാണ് എനിക്ക് കാര്യങ്ങള്‍ പറഞ്ഞു തന്നിരുന്നത്. മോഹന്‍ലാലിനൊപ്പം അന്ന് റൊമാന്റിക് സീന്‍ ചെയ്തപ്പോള്‍ ഒരു ഫീലും ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കണമെന്ന ചിന്ത മാത്രമായിരുന്നു മനസില്‍. ചിത്രത്തിലെ റൊമാന്റിക്ക് ഡയലോഗുകള്‍ കേട്ട് ഞാന്‍ പത്മരാജന്‍ സാറിന്റെ അടുത്തു പോയി പല സംശയങ്ങളും ചോദിച്ചിരുന്നു.
ഈ ഡയലോഗൊക്കെ ബൈബിളില്‍ ഉണ്ടോയെന്നായിരുന്നു പ്രധാന സംശയം. ലാലേട്ടന്‍ ആ ഡയലോഗ് പറയുന്നത് ഇപ്പോള്‍ സിനിമയില്‍ കാണുമ്പോഴും എനിക്ക് വല്ലാത്തൊരു ഫീലാണ് തോന്നാറുള്ളത്. ലോക്ക്ഡൗണ്‍ സമയത്തും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന സിനിമ ഞാന്‍ പല തവണ കണ്ടിരുന്നു. എത്ര തവണ കണ്ടാലും ആ സിനിമ എന്നെ ഒരിക്കലും ബോറടിപ്പിച്ചിട്ടില്ല,’ ശാരി പറയുന്നു.