അവളോട് ആരും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, അത് ലാലേട്ടനായാലും; ഞാന്‍ വലിയ പൊസസീവാണ്: ശാരി
Entertainment
അവളോട് ആരും സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, അത് ലാലേട്ടനായാലും; ഞാന്‍ വലിയ പൊസസീവാണ്: ശാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 16th June 2025, 9:30 pm

തമിഴിലും കന്നഡയിലും തെലുങ്കിലും മികച്ച വേഷങ്ങള്‍ ചെയ്ത് പിന്നീട് മലയാളത്തിലേക്ക് എത്തിയ നടിയാണ് ശാരി. ബാലതാരമായി കരിയര്‍ ആരംഭിച്ച നടി പത്മരാജന്റെ ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്.

പിന്നീട് പത്മരാജന്റെ സംവിധാനത്തില്‍ എത്തിയ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലുള്ള സിനിമകള്‍ ശാരിയുടെ കരിയര്‍ തന്നെ മാറ്റിമറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരങ്ങളും ശാരിയെ തേടിയെത്തിയിരുന്നു.

ഇപ്പോള്‍ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഷൂട്ടിങ്ങ് ഓര്‍മകളെ കുറിച്ചും സംസാരിക്കുകയാണ് ശാരി. താന്‍ പഠിക്കുന്ന സമയത്ത് ഒരു പാവം കുട്ടിയായിരുന്നത് കൊണ്ട് ഈ കഥാപാത്രം ചാലഞ്ചിങ്ങായിരുന്നു എന്നാണ് നടി പറയുന്നത്.

ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചതൊക്കെ നല്ല രസമായിരുന്നു. പാമ്പിനെ കൊണ്ടുവെക്കുന്ന സീനൊക്കെ നന്നായി പേടിച്ചാണ് ഞാന്‍ ചെയ്തത്. പഠിക്കുന്ന സമയത്ത് ഞാന്‍ ഒരു പാവം കുട്ടിയായിരുന്നു. വില്ലത്തരമൊന്നും കയ്യിലില്ല.

അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് ആ കഥാപാത്രം ഒരു ചലഞ്ചിങ് ആയിരുന്നു. ഈ റോള്‍ വേണ്ടെന്നും മലയാളം അറിയില്ലെന്നും പത്മരാജന്‍ സാറിനോട് പറഞ്ഞിരുന്നു. ‘ഞാന്‍ നോക്കിക്കോളാം. അതോര്‍ത്തൊന്നും പേടിക്കേണ്ട’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പിന്നെ ആ സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ചോദിച്ചാല്‍, അതില്‍ ഞാന്‍ വലിയ പൊസസീവ് ആണ്. ആരും നിമ്മിയോട് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അത് ലാലേട്ടനായാലും (ചിരി).

ഷൂട്ടിങ്ങിനെ കുറിച്ച് ചോദിച്ചാല്‍, അന്നൊന്നും ഇന്നത്തെ പോലെയല്ല ലൊക്കേഷന്‍. കാരവനൊന്നും ഉണ്ടായിരുന്നില്ല. ദേശാടനക്കിളികളുടെ ഷൂട്ട് എറണാകുളത്തെ ഒരു വലിയ സ്‌കൂളിലാണ് നടന്നത്. അവിടെ ഒരു ക്ലാസ് റൂം ഞങ്ങള്‍ക്ക് തരികയായിരുന്നു.

ഞങ്ങളെല്ലാവരും അവിടെയാണ് ഇരുന്നത്. ഉര്‍വശിയും ഞാനും കാര്‍ത്തികയുമെല്ലാം ഒരുമിച്ചായിരുന്നു. അവിടെയുണ്ടായിരുന്ന ടോയ്ലറ്റില്‍ പോയാണ് ഡ്രസ് മാറ്റിക്കൊണ്ടിരുന്നത്. ഇന്നത്തെപ്പോലെ അന്ന് അതിനായി കാരവനൊന്നും ഇല്ലായിരുന്നു,’ ശാരി പറയുന്നു.

Content Highlight: Shari Talks About Deshadanakkili Karayarilla Movie