ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി പിന്നീട് കഠിനാധ്വാനത്തിലൂടെ പടിപടിയായി തന്റെ കരിയര്‍ ഉയര്‍ത്തിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. വില്ലനായും സഹനടനായും നായകനടനായും സിനിമയില്‍ സജീവമായ താരം ഒട്ടനവധി കഥാപാത്രങ്ങളെയാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. വരത്തനിലും അഞ്ചാം പാതിരയിലും പ്രതിഛായയിലും വില്ലനായി പ്രേക്ഷകരെ ഞെട്ടിച്ച താരം പെറ്റ് ഡിക്ടറ്റീവിലൂടെ നായകനായി പ്രേക്ഷകരെ കൈയിലെടുക്കുകയും ചെയ്തിരുന്നു.
നായകവേഷത്തില്‍ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു. ഫാമിലി, കോമഡി ഴോണറില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് 24 ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു കോമ്പറ്റീഷന്‍ ലെവലില്‍ ആരുടെ കൂടെ അഭിനയിക്കാനാണ് താത്പര്യമെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

മധുവിധു. Photo: Cinema Express
‘ഞാന്‍ ലാലേട്ടന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. എങ്കിലും അത് ചെറിയൊരു വേഷമാണ്. എന്റെ ഒരു ആഗ്രഹം കാക്കകുയിലോ, ചന്ദ്രലേഖയോ പോലെ ഒരു സിനിമയില്‍ ലാലേട്ടന്റെ കൂടെ മുകേഷേട്ടന്‍ ചെയ്തത് പോലെ ഒരു കഥാപാത്രം ചെയ്യണമെന്നാണ്. കുറെ കാലമായിട്ടുള്ള ഒരു ആഗ്രാഹമാണത്. അതുപോലെ എനിക്ക് വര്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ള ഒരു സംവിധായകനാണ് വെട്രിമാരന്‍.




