ബിന്ദു ചേച്ചി ഇപ്പോള്‍ എന്റെ അമ്മയാണ്, വന്‍ കോമഡി പരിപാടിയാണ്, പക്ഷേ ഇടക്ക് ഞാന്‍ മാറിനിന്ന് നോക്കും, ഇത് റോഷാക്കിലെ സീതയല്ലേന്ന്: ഷറഫുദ്ദീന്‍
Film News
ബിന്ദു ചേച്ചി ഇപ്പോള്‍ എന്റെ അമ്മയാണ്, വന്‍ കോമഡി പരിപാടിയാണ്, പക്ഷേ ഇടക്ക് ഞാന്‍ മാറിനിന്ന് നോക്കും, ഇത് റോഷാക്കിലെ സീതയല്ലേന്ന്: ഷറഫുദ്ദീന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th October 2022, 11:08 am

റോഷാക്കില്‍ ലൂക്ക് ആന്റണിക്കൊപ്പം പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ് ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീത. അമ്മ, ചേച്ചി വേഷങ്ങളിലൂടെ കോമഡിയും കുശുമ്പും ചെയ്തുകൊണ്ടിരുന്ന ബിന്ദു പണിക്കര്‍ വേറിട്ട കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയായിരുന്നു.

ചിത്രത്തിലെ ബിന്ദു പണിക്കരുടെ കഥാപാത്രത്തെ പറ്റി പറയുകയാണ് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ഷറഫുദ്ദീനും ഗ്രേസ് ആന്റണിയും.

‘ബിന്ദു ചേച്ചി ഒരു ലോങ് ഗ്യാപ്പിന് ശേഷം മലയാളികളുടെ തല അടിച്ചുപൊട്ടിക്കുന്ന പരിപാടിയാണ് ചെയ്തുവെച്ചിരിക്കുന്നത്. അത്രയേ പറയാനുള്ളൂ. ഈ സിനിമയില്‍ മമ്മൂക്ക കഴിഞ്ഞാല്‍ ബിന്ദു ചേച്ചിയാണ്. ഇപ്പോള്‍ ഷൂട്ട് ചെയ്‌തോണ്ടിരിക്കുന്ന പടത്തില്‍ എന്റെ അമ്മയാണ് ബിന്ദു ചേച്ചി. വന്‍ കോമഡി പരിപാടിയായിട്ട് ഡാന്‍സൊക്കെ പിടിച്ച് നടക്കുകയായിരുന്നു. ഇടക്ക് ഞാന്‍ മാറി നിന്ന് നോക്കും, ഇത് റോഷാക്കിലെ സീത തന്നെയല്ലേ,’ ഷറഫുദ്ദീന്‍ പറഞ്ഞു.

ബിന്ദു പണിക്കരുടെ കഥാപാത്രം കണ്ടിട്ട് ചെയ്യാന്‍ കൊതിയായെന്നാണ് ഗ്രേസ് ആന്റണി പറഞ്ഞത്. ‘ബിന്ദു ചേച്ചി ഇടക്ക് ചോദിക്കും, മോളേ ചെയ്തത് ശരിയായോന്ന്. നമ്മളോടാണ് ബിന്ദു ചേച്ചി ശരിയായോ എന്ന് ചോദിക്കുന്നത്. പുള്ളിക്കാരിക്ക് ഒരു ടെന്‍ഷനാണ്, അത്രയും പവര്‍ഫുള്ളായ ക്യാരക്ടറാണ്.

ഒരു കം ബാക്കാണ്. എനിക്ക് കൊതി വന്നു ആ ക്യാരക്ടര്‍ ചെയ്യാനായിട്ട്. എന്റെ അമ്മായിയമ്മയായിട്ടാണ് റോഷാക്കില്‍. ഞങ്ങള്‍ രണ്ട് പേരും വന്ന് നിക്കുമ്പോള്‍ മമ്മൂക്ക പറയും ശരിക്കും അമ്മയും മോളും പോലുണ്ടല്ലോ എന്ന്,’ ഗ്രേസ് പറഞ്ഞു.

അതേസമയം ഈ ആഴ്ച കൂടുതല്‍ വിദേശ മാര്‍ക്കറ്റുകളിലും റോഷാക്ക് പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിന് കേരളത്തിനൊപ്പം പാന്‍ ഇന്ത്യന്‍ റിലീസും ഉണ്ടായിരുന്നു ചിത്രത്തിന്. ഒപ്പം യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നീ ജി.സി.സി രാജ്യങ്ങളിലും അതേദിവസം ചിത്രം എത്തിയിരുന്നു.

Content Highlight: sharafudheen shares his experience with bindu panicker in his new movie after rorschach