അങ്ങനെയുള്ളത് ഷൂട്ട് ചെയ്യുമ്പോൾ അവിടെയുള്ള ഒരു പ്രോപര്‍ട്ടി പോലും അനക്കാന്‍ പാടില്ല, രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യണം: ശാന്തി മാസ്റ്റർ
Entertainment
അങ്ങനെയുള്ളത് ഷൂട്ട് ചെയ്യുമ്പോൾ അവിടെയുള്ള ഒരു പ്രോപര്‍ട്ടി പോലും അനക്കാന്‍ പാടില്ല, രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യണം: ശാന്തി മാസ്റ്റർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th July 2025, 2:01 pm

1982ല്‍ ഗ്രൂപ്പ് ഡാന്‍സറായി സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത് 86 മുതല്‍ സ്വതന്ത്രമായി കോറിയോഗ്രാഫിങ് തുടങ്ങിയ വ്യക്തിയാണ് ശാന്തി മാസ്റ്റര്‍. ശാന്തി അരവിന്ദ് എന്നാണ് യഥാര്‍ത്ഥ പേര്. ഇന്ന് അറിയപ്പെടുന്നൊരു കോറിയോഗ്രാഫറാണ് ശാന്തി. 42ലധികം വര്‍ഷങ്ങളിലായി 1000ലധികം സിനിമകളില്‍ അവര്‍ കോറിയോഗ്രാഫി ചെയ്തു. ഇന്ന് മലയാളത്തിലും തമിഴിലും സജീവ സാന്നിധ്യമാണ് ശാന്തി മാസ്റ്റര്‍.

ഭരതം, കമലദളം, മിഴി രണ്ടിലും, അമൃതം, ബാലേട്ടന്‍, ആറാം തമ്പുരാന്‍, ഹിറ്റ്‌ലര്‍, അനിയത്തിപ്രാവ് ചിത്രത്തിന്റെ തമിഴായ കാതലുക്ക് മര്യാദൈ എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് അവര്‍ കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഇപ്പോൾ മിഴി രണ്ടിലും സിനിമയിലെ കോറിയോഗ്രാഫിയെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി മാസ്റ്റർ.

ഇതില്‍ കാവ്യാ മാധവന്‍ ഡബിളായി അഭിനയിക്കുന്നുണ്ടെന്ന് അറിയാമായിരുന്നെന്നും ചിലപ്പോള്‍ ഒരേപോലെയുള്ള കോസ്റ്റ്യൂം ആയിരിക്കുമെന്നും ശാന്തി മാസ്റ്റര്‍ പറയുന്നു.

എന്നാല്‍ പാട്ടിന്റെ കോറിയോഗ്രാഫി പെട്ടെന്ന് പ്ലാന്‍ ചെയ്താണെന്നും രണ്ടുപേരെയും കാണിക്കുമ്പോള്‍ ഡമ്മിയെയാണ് ഉപയോഗിക്കുന്നതെന്നും അവര്‍ പറഞ്ഞു.

കഥാപാത്രത്തിന്റെ ഏകദേശം രൂപമുള്ള ഒരു ഡമ്മിയെ ഉപയോഗിക്കുമെന്നും രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യുമെന്നും മാസ്റ്റര്‍ പറയുന്നു. പക്ഷെ അവിടെ ഉപയോഗിച്ചിട്ടുള്ള ഒന്നും മാറ്റാന്‍ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു ശാന്തി മാസ്റ്റർ.

‘ഞങ്ങള്‍ക്കറിയാമായിരുന്നല്ലോ ഇതില്‍ രണ്ട് കഥാപാത്രങ്ങളുണ്ടെന്ന്. ചിലപ്പോള്‍ അത് ഒരേപോലെയുള്ള കോസ്റ്റ്യൂം ആയിരിക്കും. ഒരേപോലെയുള്ള മഞ്ഞ സാരിയുണ്ട്. എന്നാല്‍ പലയിടത്തും വേറെ കോസ്റ്റ്യൂം ആയിരിക്കും. അത് പെട്ടെന്ന് പ്ലാന്‍ ചെയ്യുന്നതാണ് എല്ലാം. അല്ലാതെ മുമ്പ് പ്ലാന്‍ ചെയ്യുകയോ ഒന്നുമുണ്ടായിരുന്നില്ല ആ പാട്ടില്‍.

ക്യാമറമാന്‍മാരുടെ സപ്പോര്‍ട്ടില്‍ ഒരു ഡമ്മി ആക്ടറിനെയാണ് ഉപയോഗിക്കുന്നത്. ഇവരുടെ ഏകദേശ രൂപമുള്ള കുട്ടിയെ ഇരുത്തിയിട്ട് അവളുടെ ആക്ഷന്‍സ് എടുക്കും. പിന്നെ അത് മാറ്റിയിട്ട് കാവ്യയെക്കൊണ്ട് വീണ്ടും ഷൂട്ട് ചെയ്യിപ്പിക്കും. നമ്മള്‍ ക്യാമറ അനക്കാതെ വെച്ചിട്ട് രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യും. പക്ഷെ എല്ലാം കൃത്യമായിരിക്കണം. അവിടെയുള്ള ഒരു പ്രോപര്‍ട്ടി പോലും അനക്കാന്‍ പാടില്ല,’ ശാന്തി മാസ്റ്റര്‍ പറയുന്നു.

Content Highlight: Shanti Master talking about Mizhi Randilum Movie