മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് ശാന്തി കൃഷ്ണ. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് ഒരുപാട് മികച്ച സിനിമകള്‍ സമ്മാനിച്ച ഒരാള്‍ കൂടിയാണ് അവര്‍. 80കളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. ചകോരം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ നടിയാണ് അവര്‍. മൂന്ന് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി ഒന്നിലധികം ചിത്രങ്ങളില്‍ ശാന്തി കൃഷ്ണ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയിലേക്കുള്ള രണ്ടാം വരവില്‍ കൂടുതലും അമ്മ വേഷങ്ങളാണ് ശാന്തി കൃഷ്ണ ചെയ്യുന്നത്. ഇപ്പോള്‍ തനിക്ക് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും നായികയായി അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് അവര്‍.
‘മോഹന്‍ലാലും മമ്മൂട്ടിയും നായികയായി അഭിനയിക്കാന്‍ എനിക്ക് ഇന്നും ആഗ്രഹമുണ്ട്. എന്നാല്‍ വിളിക്കേണ്ട. അവര്‍ക്കും കൂടെ തോന്നേണ്ട എന്നെ നായികയാക്കണമെന്ന്. മോഹന്‍ലാലും മമ്മൂട്ടിയും എന്റെ കൂടെ അഭിനയിക്കാന്‍ തയ്യാറാവണ്ടേ? അവരൊക്കെ നോക്കുമ്പോള്‍ ഇപ്പോള്‍ ഞാന്‍ ഫഹദ് ഫാസിലിന്റെയും നിവിന്‍ പോളിയുടേയുമൊക്കെ അമ്മയാണ്. അതുകൊണ്ട് വേണ്ടന്ന് വെച്ചിട്ടുണ്ടാകും,’ ശാന്തി കൃഷ്ണ പറയുന്നു. ശോഭന ഇന്നും നായികയാണെന്നും തുടരും എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ചില്ലേയെന്നും ശാന്തി കൃഷ്ണ പറയുന്നു. ശോഭന ആരുടേയും അമ്മയായി അഭിനയിച്ചിട്ടില്ലെന്നും ശാന്തി പറഞ്ഞു. താന്‍ അമ്മയായി അഭിനയിച്ചാലും ഇന്നും മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ നായികയായി താന്‍ അഭിനയിച്ചാല്‍ മലയാളി പ്രേക്ഷകര്‍ അത് അംഗീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശാന്തി കൃഷ്ണ.
2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് സലിം – നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തിയത്. ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷമാണ് ശാന്തി കൃഷ്ണ അവതരിപ്പിച്ചത്. താന്‍ അല്‍ബേനിയയില്‍ ആയിരുന്നപ്പോഴാണ് ഈ സിനിമയുടെ ചാന്‍സ് വരുന്നതെന്നും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് വിളിക്കുന്നതെന്നും നടി പറഞ്ഞിരുന്നു.