ഹസ്തല വിസ്ത പൊലീസുകാരാ.... ലോകഃ രണ്ടാം ഭാഗത്തിലെ നായകന്‍ ടൊവിനോ, ചാത്തന്‍ വരട്ടെയെന്ന് സോഷ്യല്‍ മീഡിയ
Malayalam Cinema
ഹസ്തല വിസ്ത പൊലീസുകാരാ.... ലോകഃ രണ്ടാം ഭാഗത്തിലെ നായകന്‍ ടൊവിനോ, ചാത്തന്‍ വരട്ടെയെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th September 2025, 10:30 pm

തിയേറ്ററുകളെ ജനസാഗരമാക്കി മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം ബോക്‌സ് ഓഫീസിനെയൊട്ടാകെ ഇളക്കിമിറച്ചിരിക്കുയാണ്. പല കളക്ഷന്‍ റെക്കോഡുകളും ലോകഃക്ക് മുന്നില്‍ തകര്‍ന്നു. റിലീസ് ചെയ്ത് 13ാം ദിവസം 200 കോടിയെന്ന മാന്ത്രിക സംഖ്യ സ്വന്തമാക്കാന്‍ ലോകഃക്ക് സാധിച്ചു.

രണ്ടാം ഭാഗത്തിന് സാധ്യത നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. അഞ്ച് ഭാഗങ്ങളുള്ള ഫ്രാഞ്ചൈസിയാണ് ലോകഃയെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ വ്യക്തമാക്കിയിരുന്നു. മലയാളികള്‍ കേട്ടുവളര്‍ന്ന കള്ളിയങ്കാട്ട് നീലിയുടെ കഥയാണ് ആദ്യ ഭാഗത്തില്‍ സിനിമാരൂപത്തിലാക്കിയത്. ഇന്നത്തെ ലോകത്ത് നീലി സാധാരണക്കാരുടെ ഇടയില്‍ ജീവിക്കുന്ന കഥയാണ് ലോകഃയില്‍ കാണിച്ചത്.

കള്ളിയങ്കാട്ട് നീലിയെപ്പോലെ മലയാളികള്‍ക്ക് ഏറെ പരിചിതമായ ചാത്തന്റെ കഥയാണ് രണ്ടാം ഭാഗത്തിന് ആധാരം. ലോകഃയുടെ എന്‍ഡ് ക്രെഡിറ്റ് സീനില്‍ രണ്ടാം ഭാഗം ചാത്തനെ ലീഡ് റോളിലെത്തിക്കുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. മലയാളികളുടെ പ്രിയതാരം ടൊവിനോയാണ് ചാത്തനായി വേഷമിട്ടത്. ടൊവിനോയുടെ എന്‍ട്രിയും ബാക്കി രംഗങ്ങളും തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു.

സ്വല്പം ഫണ്ണിയായിട്ടുള്ള സൂപ്പര്‍ പവറുകളുള്ള കഥാപാത്രമായാണ് ചാത്തനെ ഡൊമിനിക് അരുണ്‍ അവതരിപ്പിച്ചത്. ടൊവിനോയുടെ കൈയില്‍ ഈ രംഗങ്ങള്‍ ഭദ്രമായിരുന്നു. രണ്ടാം ഭാഗത്തില്‍ ടൊവിനോ തന്നെയാണ് നായകനെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘അടുത്തത് നിന്റെ ഊഴമാണ് ടൊവീ, സിനിമയുടെ ക്യാപ്റ്റനോടുള്ള ദൃഢമായ ബന്ധത്തിന് നന്ദി’ എന്ന് പറഞ്ഞുകൊണ്ടാണ് ശാന്തി ബാലചന്ദ്രന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. ‘നുമ്മ പൊളിക്കും’ എന്ന ക്യാപ്ഷനോടെ ടൊവിനോ ഈ സ്‌റ്റോറി റീഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇന്ത്യന്‍ സിനിമക്ക് മുന്നില്‍ അഭിമാനിക്കാനാകുന്ന ചിത്രമാകും ലോകഃ ചാപ്റ്റര്‍ 2 എന്നാണ് സിനിമാപ്രേമികള്‍ കരുതുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകഃ നിര്‍മിച്ചിരിക്കുന്നത്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. 30 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറാകുമെന്നാണ് കണക്കുകൂട്ടല്‍. മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍, തുടരും എന്നീ സിനിമകള്‍ക്ക് ശേഷം ഈ വര്‍ഷം 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രമാണ് ലോകഃ

Content Highlight: Shanthy Balachandran confirms that Tovino is the hero in sequel of Lokah movie