അന്ന് നിവിനും അല്‍ത്താഫും പറഞ്ഞത് കേട്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി: ശാന്തി കൃഷ്ണ
Entertainment
അന്ന് നിവിനും അല്‍ത്താഫും പറഞ്ഞത് കേട്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th June 2025, 7:25 pm

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായിട്ടുള്ള നടിയാണ് ശാന്തി കൃഷ്ണ. എണ്‍പതുകളില്‍ തന്റെ കരിയര്‍ തുടങ്ങിയ ശാന്തി ഇന്നും സിനിമയില്‍ സജീവമാണ്. വിവിധ ഭാഷകളിലായി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നടി അഭിനയിച്ചിട്ടുണ്ട്.

1984ലെ തന്റെ ആദ്യ വിവാഹത്തിന് ശേഷം ശാന്തി കൃഷ്ണ സിനിമയില്‍ നിന്ന് ഒരു ഇടവേള എടുത്തിരുന്നു. 1991ല്‍ നയം വ്യക്തമാക്കുന്നു എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നത്. ശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശാന്തിക്ക് സാധിച്ചു.

പിന്നീട് കരിയറില്‍ വീണ്ടും വലിയൊരു ഇടവേള വന്നു. 2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന അല്‍ത്താഫ് സലിം – നിവിന്‍ പോളി ചിത്രത്തിലൂടെയാണ് ശാന്തി കൃഷ്ണ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നത്. ഇപ്പോള്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സമയത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ശാന്തി കൃഷ്ണ.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് വര്‍ക്ക് ഷോപ്പുണ്ടായിരുന്നു. അവിടെ വെച്ച് ഞാന്‍ എല്ലാവരെയും പരിചയപ്പെട്ടു. എനിക്ക് അപ്പോള്‍ തോന്നിയത് പുതിയൊരു ലോകത്ത് വന്നുപെട്ടത് പോലെയായിരുന്നു.

അന്ന് ആദ്യമായി അഭിനയിക്കുന്നത് വര്‍ക്ക് ഷോപ്പിലാണ്. ഞാനും സൈജുവും കൂടിയുള്ള കോമ്പിനേഷനായിരുന്നു അത്. ഷീല ചാക്കോ എന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. ഷീല ചാക്കോ ആദ്യമായിട്ട് ഡോക്ടറെ കാണുന്ന സീനായിരുന്നു.

ഞാന്‍ എത്ര കാലം ജീവിച്ചിരിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റുമോയെന്ന് ചോദിക്കുന്നതാണ് സീന്‍. അത് ഞാന്‍ ആദ്യം കുറച്ച് സങ്കടത്തില്‍ ചോദിച്ചു. അപ്പോള്‍ ഡയറക്ടര്‍ ‘ഷീല ചാക്കോ കുറച്ച് ബോള്‍ഡായിട്ടുള്ള വ്യക്തിയാണ്. സങ്കടപ്പെടരുത്’ എന്ന് പറഞ്ഞു. ഞാന്‍ ഉടനെയത് മാറ്റി ചെയ്തു.

അതായിരുന്നു ഫസ്റ്റ് ഷോട്ട്. ഷൂട്ട് ചെയ്ത ഉടനെ ഞാന്‍ മോണിറ്ററില്‍ കണ്ടു. കുഴപ്പമില്ലെന്നും ചെയ്യാന്‍ പറ്റുമെന്നും എനിക്ക് തോന്നി. പിന്നീട് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വന്നപ്പോള്‍ നമ്മള്‍ അഭി യിക്കുകയാണോയെന്ന് സംശയമായി. അപ്പോഴൊക്കെ ഞാന്‍ അവരോട് ചെയ്യുന്നത് ശരിയാകുന്നുണ്ടോയെന്ന് ചോദിക്കുമായിരുന്നു.

‘മാം എന്തിനാണിങ്ങനെ ടെന്‍ഷനടിക്കുന്നത്? ഇത്രയും വര്‍ഷത്തെ ഗ്യാപ്പുണ്ടായിട്ടും ഒരു പ്രയാസവുമില്ലാതെ മാം വളരെ കൂളായിട്ട് അഭിനയിക്കുന്നത് കണ്ട് നമ്മളെല്ലാം ഇങ്ങനെ നോക്കി നില്‍ക്കുകയാണ്’ എന്ന് നിവിന്‍ പോളിയും അല്‍ത്താഫുമൊക്കെ പറഞ്ഞു. പുതിയ കുട്ടികളില്‍ നിന്ന് അങ്ങനെയെല്ലാം കേട്ടപ്പോള്‍ അന്ന് ഒരുപാട് സന്തോഷം തോന്നി,’ ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Shanthi Krishna Talks About Nivin Pauly, Althaf Salim And Njandukalude Nattil Oridavela