നിവിന്റെ അഭിനയത്തിന് ഒരു ഭംഗിയുണ്ട്, പക്ഷേ ഈ തലമുറയിൽ എന്നെ ഞെട്ടിച്ച നടൻ മറ്റൊരാളാണ്: ശാന്തി കൃഷ്ണ
Entertainment
നിവിന്റെ അഭിനയത്തിന് ഒരു ഭംഗിയുണ്ട്, പക്ഷേ ഈ തലമുറയിൽ എന്നെ ഞെട്ടിച്ച നടൻ മറ്റൊരാളാണ്: ശാന്തി കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 2nd January 2024, 1:17 pm

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടി ശാന്തി കൃഷ്ണ. ഒരു സമയത്ത് തന്റെ കരിയറിൽ ഒരു ഇടവേള എടുത്തതിന് ശേഷം ശാന്തി വീണ്ടും തിരിച്ചെത്തുന്നത് ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’യെന്ന ചിത്രത്തിലൂടെയായിരുന്നു.

നിവിൻ പോളി നായകനായ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലായിരുന്നു ശാന്തി എത്തിയത്. തുടർന്നിങ്ങോട്ട് പുതിയ താരങ്ങൾക്കൊപ്പമെല്ലാം ശാന്തി കൃഷ്ണ അഭിനയിച്ചു കഴിഞ്ഞു.

അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ യുവ നടൻ ഫഹദ് ഫാസിൽ ആണെന്നാണ് ശാന്തി പറയുന്നത്. കുഞ്ചാക്കോ ബോബനെ കുറിച്ചും ശാന്തി സംസാരിച്ചു. നിവിൻ പോളിയുടെ അഭിനയത്തിന് ഒരു പ്രത്യേക ഭംഗിയുണ്ടെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ശാന്തി കൃഷ്ണ പറഞ്ഞു.

‘ഈ തലമുറയിൽ എന്നെ ഞെട്ടിച്ചു കളഞ്ഞ ഒരു നടൻ ഫഹദ് ആണ്. ഞാൻ ഫഹദിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ്. ഫഹദിന്റെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. അതിരൻ എന്ന ചിത്രത്തിൽ അവൻ മൊത്തത്തിൽ മറ്റൊരു ലുക്കാണ്.

പിന്നെ ഞാൻ പാച്ചുവും അത്ഭുതവിളക്കിലും അഭിനയിച്ചു . അതിലാണെങ്കിലും മറ്റൊരു ഫഹദിനെയാണ് കാണാൻ സാധിക്കുന്നത്. അങ്ങനെ നിലവിൽ ഉള്ളതിൽ വളരെ കഴിവുള്ള ഒരു നടനാണ് ഫഹദ്.

അതുപോലെ എല്ലാവരും. കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ ഉള്ള ചാക്കോച്ചനെയല്ല ഇപ്പോൾ നമ്മൾ കാണുന്നത്. ചാക്കോച്ചനും ഒരുപാട് മാറി. നമ്മൾ ഒരു ചോക്ലേറ്റ് ഹീറോയെന്ന് പറഞ്ഞു വന്ന അവൻ ഇപ്പോൾ ഒരു അത്ഭുതപ്പെടുത്തുന്ന നടനായി മാറി. ഇപ്പോൾ ചെയ്യുന്നതെല്ലാം വ്യത്യസ്‍ത കഥാപാത്രങ്ങളാണ്. ഒരു അഭിനേതാവെന്ന നിലയിൽ പലതും പരീക്ഷിച്ചാൽ മാത്രമേ നമുക്ക് സ്വയം മെച്ചപ്പെടുത്താൻ കഴിയുകയുള്ളു.

അത്തരത്തിൽ പുതിയ തലമുറയിലെ എല്ലാ നടന്മാരും മികച്ചവരാണ്. നിവിൻ പോളിയുടെ അഭിനയത്തിന് അവന്റേതായ ഒരു ഭംഗിയുണ്ട്.

പക്ഷെ ഈയിടെയായി ഒന്നും ക്ലിക്ക് ആയിട്ടില്ല. നിവിന്റെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞത് ഒരുപാട് ഭാഗ്യമായാണ് ഞാൻ കരുതുന്നത്,’ശാന്തി കൃഷ്ണ പറയുന്നു.

Content Highlight: Shanthi Krishna Talk About New Generation Actors