നടന്‍ ജഗതി ശ്രീ കുമാറിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി കൃഷ്ണ. സ്‌പോട്ട് ഇംപ്രൊവൈസേഷനുകള്‍ ഒരുപാട് ചെയ്യുന്ന നടനായതുകൊണ്ട് തന്നെ കോമഡി രംഗങ്ങളില്‍ തനിക്ക് ചിരി നിയന്ത്രിക്കാന്‍ കഴിയാതെ വന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി പറയുന്നു. ഷോട്ട് നമ്മള്‍ കാരണം റെഡിയാകാതെ വന്നാല്‍ അദ്ദേഹം ദേഷ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. റെഡ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു ശാന്തി.
‘ജഗതി ചേട്ടന് ദേഷ്യം വന്നുകഴിഞ്ഞാല്‍ വലിയ ദേഷ്യമാണ്. ചേട്ടന്റെ ഷോട്ട് നശിപ്പിച്ചു കഴിഞ്ഞാല്‍ വലിയ പ്രശ്‌നമാണ്. റിഹേഴ്‌സ് ചെയ്യുന്നതല്ല അമ്പിളി ചേട്ടന് ടേക്കില്‍ ചെയ്യുന്നത്. കോമഡി കൂടിയാകുമ്പോള്‍ ഒരുപാട് ഇംപ്രൊവൈസേഷനുകള്‍ വരും. അപ്പോള്‍ നാച്ചുറലി നമുക്ക് ചിലത് കണ്‍ട്രോള്‍ ചെയ്യാന്‍ കഴിയില്ല. ചിരിച്ച് പോകും.
ഷോട്ടില്‍ നമ്മള്‍ എന്തെങ്കിലും റിഹേഴ്‌സ് ചെയ്ത ശേഷം ആക്ഷന്‍ എന്ന് പറയുമ്പോള്‍ അമ്പിളി ചേട്ടന് വേറെ എന്തെങ്കിലും കാണിക്കും. അത് കണ്ട് നമ്മള്‍ കണ്‍ട്രോള്‍ ഇല്ലാതെ ചിരിച്ച് കഴിഞ്ഞാല്‍ അദ്ദേഹത്തിന് നല്ല ദേഷ്യം വരും. ഒരു തവണ എനിക്ക് ഇങ്ങനെ പറ്റിയപ്പോള്‍ ഞാന്‍ ഷോട്ട് നശിപ്പിച്ചല്ലോ എന്നൊരു തോന്നല്‍ എനിക്കുണ്ടായി,’ ശാന്തി പറഞ്ഞു.
തനിക്ക് ചിരി ഒട്ടും നിയന്ത്രിക്കാന്‍ അറിയില്ലെന്നും താനും നിവിന്‍ പോളിയും ഈ കാര്യത്തില്‍ ഒരുപോലെയാണെന്നും ശാന്തി പറയുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിന്റെ സെറ്റിലും ഇതേ പ്രശ്‌നമുണ്ടായിരുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
‘ഞാനൊന്ന് അറിയാതെ ചിരിച്ചുപോയാല്‍ അവനും തുടങ്ങും. അപ്പോള്‍ ലാല്‍ സാര്‍ അപ്പുറത്ത് നിന്നിട്ട് ‘അയ്യോ തുടങ്ങി’എന്ന് പറയും. അത് ഭയങ്കര ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് നിവിന്. ഞാന്‍ പിന്നെയും ചെയ്യും. നിവിന് ഒട്ടും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റില്ല,’ ശാന്തി പറഞ്ഞു.