ലോകയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍. പ്രേക്ഷകര്‍ക്ക് നന്ദി. ഈ വിജയം തീര്‍ത്തും അപ്രതീക്ഷിതമെന്നാണ് ശാന്തി പറയുന്നത്. 200 കോടിയും പിന്നിട്ട് ലോക ബോക്‌സ് ഓഫീസില്‍ അത്ഭുതം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.
സിനിമ ഇറങ്ങുമ്പോള്‍ ആളുകള്‍ക്ക് സിനിമ ഇഷ്ടപ്പെടണേ, നിര്‍മാതാവിന് നഷ്ടമുണ്ടാകരുതേ എന്നായിരുന്നു ശാന്തിയുടെ പ്രാര്‍ത്ഥന. സംവിധായകന്‍ ഡൊമിനിക് മനസില്‍ കണ്ട നല്ലൊരു സിനിമ ഉണ്ടാക്കണമെന്നതായിരുന്നു എല്ലാവരുടെയും ലക്ഷ്യം. അതിനായി എല്ലാവരും ആത്മാര്‍ഥമായി പരിശ്രമിച്ചു. കഠിനാധ്വാനം ചെയ്തു.
‘ഞങ്ങളുടെ സ്വപ്നം നിറവേറി. ഇന്നിതാ, പ്രേക്ഷകര്‍ ലോകയെ ആഘോഷിക്കുന്നു. വീണ്ടും വീണ്ടും സിനിമ കാണുന്നു. സന്തോഷമുണ്ട്. അമൂല്‍ ബ്രാന്‍ഡിന്റെ പരസ്യബോര്‍ഡില്‍ ചന്ദ്ര വന്നപ്പോഴാണ് ശരിക്കും ഞാന്‍ ഞെട്ടിപ്പോയത്. ആ നിമിഷം അവിസ്മരണീയമാണ്,’ ശാന്തി കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച ശാന്തി തനിക്ക് കിട്ടിയ ഹൃദയസ്പര്‍ശിയായ പ്രതികരണങ്ങളെ കുറിച്ചും സംസാരിച്ചു. ആദ്യ ഷോ കഴിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കവേ പെട്ടെന്ന് കല്യാണി ക്യാമറയ്ക്ക് മുന്നിലേക്ക് വന്ന് സിനിമയിലെ തന്റെ സംഭാവനയെപ്പറ്റിയും പങ്കിനെക്കുറിച്ചുമൊക്കെ സംസാരിച്ചത് തനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ലെന്ന് ശാന്തി പറഞ്ഞു.
ഹൈദരാബാദില്‍ പ്രൊമോഷന് പോയപ്പോള്‍ അവിടത്തെ വേദിയില്‍വെച്ച് ദുല്‍ഖര്‍ പ്രസംഗിച്ചതും ശാന്തി ഓര്‍ത്തെടുത്ത് പറഞ്ഞു. സ്ത്രീപക്ഷത്ത് നിന്നുകൊണ്ട് പുതുമയോടെ കഥയൊരുക്കിയതിന് ദുല്‍ഖര്‍ അഭിനന്ദനമറിയിക്കുകയായിരുന്നു.
‘സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും അവരുടെ കഴിവുകളില്‍ വിശ്വാസമര്‍പ്പിക്കുന്നതുമൊക്കെ വലിയ കാര്യമാണ്. ദുല്‍ഖറില്‍നിന്ന് നല്ല വാക്കുകള്‍ കേട്ട ആ നിമിഷം എന്നും ഹൃദയത്തിലുണ്ടാവും. അദ്ദേഹം നല്ലൊരു നിര്‍മാതാവാണ്. ഞങ്ങളില്‍ അദ്ദേഹത്തിന് പൂര്‍ണവിശ്വാസമുണ്ടായിരുന്നു,’ ശാന്തി പറയുന്നു.
Content highlight: Shanthi Balachandran the film’s co-screenwriter, expressed happiness over Lok’s achievement