നാച്ചിയപ്പ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത എസ്റ്റാബ്ലിഷ് ചെയ്യുന്ന ഡയലോഗ്; വിവാദങ്ങളെ കുറിച്ച് ശാന്തി ബാലചന്ദ്രന്‍
Malayalam Cinema
നാച്ചിയപ്പ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത എസ്റ്റാബ്ലിഷ് ചെയ്യുന്ന ഡയലോഗ്; വിവാദങ്ങളെ കുറിച്ച് ശാന്തി ബാലചന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th September 2025, 7:24 am

ലോകഃയിലെ ഒരു ഡയലോഗ് കര്‍ണാടകക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്  വലിയ വിവാദങ്ങള്‍ ഉണ്ടാകുകയും തുടര്‍ന്ന് ചിത്രത്തില്‍ നിന്ന് ആരോപിക്കപ്പെട്ട ഭാഗം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ചിത്രത്തില്‍ സാന്‍ഡി അവതരിപ്പിക്കുന്ന നാച്ചിയപ്പ എന്ന കഥാപാത്രം പറയുന്ന ഡയലോഗായിരുന്നു വിവാദങ്ങളില്‍പ്പെട്ടത്.

ഇതിനോട് പ്രതികരിച്ച് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രന്‍. തങ്ങള്‍ ഈ സിറ്റി ബെംഗളൂരു ആണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് അവര്‍ പറയുന്നു. ബെംഗളൂരു പോലയുള്ള ഒരു കോസ്മോ പൊളിറ്റന്‍ സിറ്റി എന്നാണ് ഉദ്ദേശിച്ചിരുന്നതെന്നും ശാന്തി വ്യക്തമാക്കി.

‘പല കള്‍ച്ചറില്‍ നിന്നുള്ളവര്‍ താമസിക്കുന്ന ഒരു മെട്രോപൊളിറ്റന്‍ സിറ്റി, ഒരു ഫിക്ഷണലായിട്ടുള്ള സിറ്റി എന്നാണ് ഉദ്ദേശിച്ചത്. നാച്ചിയപ്പ എന്ന കഥാപാത്രത്തിന്റെ ആറ്റിറ്റിയൂഡ് കാണിക്കാനാണ് ആ ഡയലോഗ് അവിടെ പറഞ്ഞത്.

ഇങ്ങനത്തെ വലിയ സിറ്റിയില്‍ താമസിക്കുന്ന സ്ത്രീകള്‍ ശരിയല്ല എന്നാണ് അയാളുടെ മനോഭാവം. അയാള്‍ക്ക് ഗ്രാമത്തിലൊക്കെ വളര്‍ന്ന, അയാളുടെ ഐഡിയ ഓഫ് പ്യൂരിറ്റിയില്‍ ജീവിക്കുന്ന സ്ത്രീയെയാണ് കല്യാണം കഴിക്കാന്‍ താത്പര്യം,’ശാന്തി പറയുന്നു.

നാച്ചിയപ്പ എന്ന കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധത എസ്റ്റാബ്ലിഷ് ചെയ്യുന്ന ലൈനായിരുന്നു അതെന്നും അത് ബെംഗളൂരുവിലെ സ്ത്രീകളെ ഉദ്ദേശിച്ചിട്ടുള്ളതല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ കഥാപാത്രം അങ്ങനെയാണ് സ്ത്രീകളെ കാണുന്നതെന്നും ശാന്തി പറഞ്ഞു.

‘പക്ഷേ നമ്മള്‍ ബെംഗളൂരിവില്‍ ഷൂട്ട് ചെയ്തത് കാരണം ആളുകള്‍ ഒഫന്‍ഡഡ് ആയി. ബെംഗളൂരുവിലെ  ആള്‍ക്കാരെ പറ്റി നമ്മള്‍ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കുന്നതായി അവര്‍ക്ക് തോന്നി. അത് കാരണമാണ് നമ്മള്‍ അപ്പോള്‍ തന്നെ അത് മാറ്റിയത്,’ ശാന്തി പറയുന്നു.

Content highlight: Shanthi Balachandran on controversial dialogues in Lokah chapter one chandra movie