എന്റെ ഫാന്‍സായ സ്ത്രീകള്‍ ആ മോഹന്‍ലാല്‍ ചിത്രം ഇഷ്ടമായില്ലെന്ന് പറഞ്ഞു; കുറേ ആണുങ്ങള്‍ക്ക് ഇഷ്ടമായി: ശങ്കര്‍
Entertainment
എന്റെ ഫാന്‍സായ സ്ത്രീകള്‍ ആ മോഹന്‍ലാല്‍ ചിത്രം ഇഷ്ടമായില്ലെന്ന് പറഞ്ഞു; കുറേ ആണുങ്ങള്‍ക്ക് ഇഷ്ടമായി: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 30th May 2025, 12:52 pm

വേണു നാഗവള്ളി രചനയും സംവിധാനവും നിര്‍വഹിച്ച് പി.കെ.ആര്‍ പിള്ള നിര്‍മിച്ച സിനിമയായിരുന്നു കിഴക്കുണരും പക്ഷി. 1991ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു.

ഒപ്പം ശങ്കര്‍, മുരളി, രേഖ, ജഗതി ശ്രീകുമാര്‍, അശോകന്‍, ഇന്നസെന്റ് തുടങ്ങിയ മികച്ച താരനിര ആയിരുന്നു ചിത്രത്തില്‍ ഒന്നിച്ചത്. മികച്ച ഗാനങ്ങള്‍ ഉണ്ടായിരുന്ന ഈ സിനിമയില്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് രവീന്ദ്രന്‍ ആയിരുന്നു.

ഇപ്പോള്‍ എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ കിഴക്കുണരും പക്ഷി സിനിമയെ കുറിച്ച് പറയുകയാണ് നടന്‍ ശങ്കര്‍. റൊമാന്റിക് റോള്‍ മാത്രം ചെയ്തിരുന്ന താന്‍ വ്യത്യാസമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് ചോദിച്ചു വാങ്ങിയ റോളായിരുന്നു അതെന്നാണ് പറയുന്നത്.

പക്ഷെ ആ സിനിമ വിചാരിച്ച അത്രയും വിജയത്തിലേക്ക് പോയില്ലെന്നും തന്റെ ഫാന്‍സായിട്ട് ഉണ്ടായിരുന്ന സ്ത്രീകള്‍ക്കൊന്നും സിനിമ ഇഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുറേ ആണുങ്ങള്‍ക്ക് അത് ഇഷ്ടമായെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

സുഖമോ ദേവി എന്ന സിനിമ കഴിഞ്ഞപ്പോള്‍ വേണു നാഗവള്ളിയോട് എനിക്ക് വ്യത്യാസമായ റോള്‍ തരാന്‍ ഞാന്‍ പറഞ്ഞു. ഇനി അങ്ങനെയൊരു കഥ വന്നാല്‍ പറയാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സുഖമോ ദേവി 1986ല്‍ ഇറങ്ങിയ സിനിമയാണ്. പിന്നീട് എന്നെ അദ്ദേഹം വിളിക്കുന്നത് 1991ലാണ്. ‘ഒരു കഥയുണ്ട്. ചെയ്യുമോ’യെന്ന് ചോദിച്ചു. ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കിഴക്കുണരും പക്ഷി എന്ന സിനിമ ചെയ്യുന്നത്.

പക്ഷെ ആ സിനിമ വിചാരിച്ച അത്രയും വിജയത്തിലേക്ക് പോയില്ല. വ്യത്യാസമായിട്ട് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് പുറത്ത് ചോദിച്ചു വാങ്ങിയ റോളായിരുന്നു അത്. ആ സിനിമ ശരിക്കും വലിയ സക്‌സസ് ആയിരുന്നെങ്കില്‍ നന്നായേനേ.

മികച്ച പാട്ടുകളൊക്കെയുള്ള സിനിമയായിരുന്നു അത്. എന്നാല്‍ സുഖമോ ദേവി പോലെ അത്ര വിജയമായില്ല. എന്റെ ഫാന്‍സായിട്ട് ഉണ്ടായിരുന്നത് കുറേ സ്ത്രീകളായിരുന്നു. അവര്‍ക്കൊന്നും ആ സിനിമ ഇഷ്ടമായില്ല. ഒരുപാട് ആളുകള്‍ ഇഷ്ടമായില്ലെന്ന് പറഞ്ഞിരുന്നു.

അതേസമയം കുറേ ആണുങ്ങള്‍ക്ക് അത് ഇഷ്ടമായി. പിന്നെ ഞാന്‍ പതുക്കെ പിന്‍വലിഞ്ഞു. കുറച്ച് ഗ്യാപ് എടുക്കാമെന്ന് കരുതി. പിന്നീടുള്ള 4 വര്‍ഷത്തോളം ഞാന്‍ സിനിമയേ ചെയ്തില്ല. ശേഷം ഞാന്‍ സംവിധാനത്തിന് ശ്രദ്ധ കൊടുത്തു,’ ശങ്കര്‍ പറയുന്നു.


Conten Highlight: Shankar Talks About Kizhakkunarum Pakshi Movie