മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം; ചെറിയ വേഷമാണെങ്കിലും ആ രണ്ട് സീനുകള്‍ എന്നെ വല്ലാതെ അട്രാക്ട് ചെയ്തു: ശങ്കര്‍
Entertainment news
മമ്മൂട്ടി - മോഹന്‍ലാല്‍ ചിത്രം; ചെറിയ വേഷമാണെങ്കിലും ആ രണ്ട് സീനുകള്‍ എന്നെ വല്ലാതെ അട്രാക്ട് ചെയ്തു: ശങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st May 2025, 12:17 pm

1980കളില്‍ ഏറെ താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് ശങ്കര്‍ മലയാള സിനിമയില്‍ എത്തുന്നത്. ആ കാലത്ത് മോഹന്‍ലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച സിനിമകളൊക്കെ മലയാളത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ഒന്നിച്ച് ഐ.വി ശശി സംവിധാനം ചെയ്ത അതിരാത്രം എന്ന സിനിമയിലും ശങ്കര്‍ അഭിനയിച്ചിരുന്നു. എന്നാല്‍ വളരെ ചെറിയ വേഷമായിരുന്നു അദ്ദേഹം ചെയ്തത്. ഇപ്പോള്‍ എഡിറ്റോറിയല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് നടന്‍.

‘ഞാന്‍ അതിരാത്രം എന്ന സിനിമയില്‍ അബു എന്ന ഒരു ചെറിയ വേഷമാണ് ചെയ്തത്. അതിന് കാരണം ഐ.വി ശശിയെന്ന പേരാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴൊക്കെ എനിക്ക് ഒരു ചാന്‍സ് തരണമെന്ന് പറയാറുണ്ട്.

‘നിനക്കൊക്കെ എന്തിനാണ് ചാന്‍സ്. നിനക്ക് നില്‍ക്കാന്‍ സമയമില്ലല്ലോ’ എന്നായിരുന്നു അദ്ദേഹം പറയാറുള്ളത്. പക്ഷെ ഞാന്‍ ഇങ്ങനെ പറയുന്നത് കൊണ്ട് നോക്കാമെന്ന് മാത്രമായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

അവസാനം ഒരു ദിവസം എന്നെ വിളിച്ചിട്ട് അതിരാത്രം എന്ന ഒരു സിനിമയുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ സിനിമയെ പറ്റി സംസാരിച്ചു. ഐ.വി ശശി എന്നോട് അതിലെ രണ്ട് സീനുകളെ കുറിച്ച് പറഞ്ഞു. അത് രണ്ടും എന്നെ അട്രാക്ട് ചെയ്തു.

ഒരു സീനില്‍ അവര്‍ ട്രാപ്പിലാകുമ്പോള്‍ മമ്മൂക്കയുടെ കയ്യില്‍ നിന്നും പെട്ടി വാങ്ങുകയും അത് തുറന്ന് പൈസ വിതറുകയും ചെയ്യുന്നുണ്ട്. അതിന് തിയേറ്ററില്‍ അന്ന് നല്ല കയ്യടിയായിരുന്നു. പിന്നെ അവസാനം മമ്മൂക്കയ്ക്ക് വേണ്ടി വെടിയേറ്റ് മരിക്കുന്ന സീനുണ്ടായിരുന്നു.

ആ രണ്ട് സീനുകളും എനിക്ക് ഒരുപാട് ഇഷ്ടമായി. പിന്നെ സിനിമയില്‍ എനിക്ക് ഒരു ചെറിയ റൊമാന്‍സും ഉണ്ടായിരുന്നു. നിക്കാഹ് കഴിക്കാന്‍ പോകുന്ന സമയത്തായിരുന്നു ആ കഥാപാത്രം മരിക്കുന്നത്. അതിന്റെ സെന്റിമെന്റ്‌സും ഉണ്ടായിരുന്നു.

പിന്നെ എനിക്ക് ആ സിനിമ ചെയ്യാന്‍ അത്ര സമയമേ ഉണ്ടായിരുന്നുള്ളൂ. അഞ്ചോ ആറോ ദിവസമേ എനിക്ക് സമയമുണ്ടായിരുന്നുള്ളൂ. അത്രയും തിരക്ക് പിടിച്ച സമയത്തായിരുന്നു ആ സിനിമ സംഭവിച്ചത്,’ ശങ്കര്‍ പറഞ്ഞു.

അതിരാത്രം:

1984ല്‍ ഐ.വി ശശി സംവിധാനം ചെയ്ത അതിരാത്രത്തിന് തിരക്കഥ എഴുതിയത് ജോണ്‍ പോള്‍ ആയിരുന്നു. മമ്മൂട്ടി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ സിനിമയില്‍ സീമയായിരുന്നു നായികയായത്.

മമ്മൂട്ടിയുടെ താരാദാസ് എന്ന കഥാപാത്രത്തിന്റെ പിറവി ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ആയിരുന്നു. മമ്മൂട്ടിയെ താര പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു അതിരാത്രം.


Content Highlight: Shankar Talks About Athirathram Movie