ജെന്റില്‍മാന്റെ കഥ പറയാന്‍ കമല്‍ സാറിന്റെയടുത്ത് പോയിരുന്നു, നായകന്‍ ബ്രാഹ്‌മണനായതുകൊണ്ട് അദ്ദേഹം ആ സിനിമ വേണ്ടെന്നുവെച്ചു: ഷങ്കര്‍
Entertainment
ജെന്റില്‍മാന്റെ കഥ പറയാന്‍ കമല്‍ സാറിന്റെയടുത്ത് പോയിരുന്നു, നായകന്‍ ബ്രാഹ്‌മണനായതുകൊണ്ട് അദ്ദേഹം ആ സിനിമ വേണ്ടെന്നുവെച്ചു: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 13th January 2025, 12:14 pm

ഇന്ത്യന്‍ സിനിമാലോകത്തേക്ക് ഷങ്കര്‍ എന്ന സംവിധായകന്റെ വരവറിയിച്ച ചിത്രമാണ് ജെന്റില്‍മാന്‍. അര്‍ജുന്‍ സര്‍ജ നായകനായ ചിത്രം 1993ലാണ് തിയേറ്ററുകളിലെത്തിയത്. തന്റെ ആദ്യചിത്രത്തിലൂടെ തന്നെ ഷങ്കര്‍ തമിഴില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അതുവരെ വന്നതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രം ബ്ലോക്ക്ബസ്റ്ററായി മാറി.

ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷങ്കര്‍. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ തന്റെ മനസില്‍ നായകനായി കണ്ടത് ശരത്കുമാറിനെയായിരുന്നെന്ന് ഷങ്കര്‍ പറഞ്ഞു. എന്നാല്‍ കഥ കേട്ടതിന് ശേഷം നിര്‍മാതാവ് കെ.ടി. കുഞ്ഞുമോന്‍ തന്നോട് കമല്‍ ഹാസനോട് കഥ പറയാന്‍ ആവശ്യപ്പെട്ടെന്നും അത് കേട്ട് താന്‍ ഷോക്കായെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന് കഥ ഇഷ്ടമായാല്‍ നന്നാകുമെന്ന ചിന്തയില്‍ താന്‍ കഥ പറയാന്‍ പോയെന്നും കഥ അദ്ദേഹത്തിന് ഇഷ്ടമായെന്നും ഷങ്കര്‍ പറഞ്ഞു. എന്നാല്‍ നായക കഥാപാത്രം ബ്രാഹ്‌മണനായതിനാല്‍ അദ്ദേഹം കഥയില്‍ നിന്ന് പിന്മാറിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ജെന്റില്‍മാന്‍ റിലീസാകുന്നതിന് തൊട്ടുമുമ്പ് കമല്‍ ഹാസന്‍ മൈക്കള്‍ മദന കാമരാജ് എന്ന ചിത്രത്തില്‍ ബ്രാഹ്‌മണനായി വേഷമിട്ടിരുന്നെന്ന് ഷങ്കര്‍ പറഞ്ഞു.

ഒരുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്താല്‍ ആവര്‍ത്തനവിരസത തോന്നുമെന്നും ആ കാരണം കൊണ്ട് അദ്ദേഹം ജെന്റില്‍മാനില്‍ നിന്ന് പിന്മാറിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് അര്‍ജുന്‍ സര്‍ജയിലേക്ക് ചിത്രം എത്തിയതെന്നും അത് അര്‍ജുന്റെ കരിയര്‍ മാറ്റിമറിച്ചെന്നും ഷങ്കര്‍ പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.

‘ജെന്റില്‍മാന്‍ എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് കംപ്ലീറ്റായപ്പോള്‍ എന്റെ മനസില്‍ ഉണ്ടായിരുന്ന നടന്‍ ശരത് കുമാറായിരുന്നു. അന്ന് അയാള്‍ ഉയര്‍ന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോനാണ് എന്നോട് ആ സ്‌ക്രിപ്റ്റ് കമല്‍ സാറിനോട് പറയാന്‍ ആവശ്യപ്പെട്ടത്. അദ്ദേഹത്തെപ്പോലെ ഒരു സ്റ്റാറിന് ചെയ്യാന്‍ പറ്റുന്ന സബ്ജക്ടായിരുന്നു അത്.

ഞാന്‍ കമല്‍ സാറിന്റെയടുത്ത് കഥ പറയാന്‍ പോയി. അദ്ദേഹത്തിന് കഥ ഇഷ്ടമായി. പക്ഷേ, നായക കഥാപാത്രം ബ്രാഹ്‌മണനായതുകൊണ്ട് ആ സിനിമ ചെയ്യുന്നില്ലെന്ന് കമല്‍ സാര്‍ പറഞ്ഞു. കാരണം, അതിന് തൊട്ടുമുമ്പാണ് അദ്ദേഹം മൈക്കള്‍ മദന കാമരാജ് എന്ന സിനിമ ചെയ്തത്. അതിലും അദ്ദേഹം ബ്രാഹ്‌മണനായി വേഷമിട്ടിരുന്നു. ആവര്‍ത്തന വിരസത വരാതിരിക്കാന്‍ വേണ്ടി അദ്ദേഹം ജെന്റില്‍മാനില്‍ നിന്ന് ഒഴിവായി. പിന്നീട് അര്‍ജുനിലേക്ക് ആ കഥ എത്തി. അത് അയാളുടെ കരിയര്‍ തന്നെ മാറ്റി,’ ഷങ്കര്‍ പറയുന്നു.

Content Highlight: Shankar says that he narrated the script of Gentleman movie to Kamal Haasan and he rejected