ഫഹദിന്റെയും വിജയ് സേതുപതിയുടെയും അഭിനയം ഇഷ്ടമാണ്, എന്നാല്‍ ആ നടനെ ആളുകള്‍ ആഘോഷിക്കാത്തതില്‍ വിഷമമുണ്ട്: ഷങ്കര്‍
Entertainment
ഫഹദിന്റെയും വിജയ് സേതുപതിയുടെയും അഭിനയം ഇഷ്ടമാണ്, എന്നാല്‍ ആ നടനെ ആളുകള്‍ ആഘോഷിക്കാത്തതില്‍ വിഷമമുണ്ട്: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th January 2025, 8:43 pm

ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ സംവിധായകരിലൊരാളാണ് ഷങ്കര്‍. ജെന്റില്‍മാന്‍ എന്ന ആദ്യചിത്രത്തിലൂടെ തന്നെ തന്റെ റേഞ്ച് എന്താണെന്ന് ഷങ്കര്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ നെറുകയില്‍ ഷങ്കര്‍ സ്ഥാനമുറപ്പിച്ചു. അന്യന്‍, എന്തിരന്‍, മുതല്‍വന്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകളായി മാറി.

അടുത്തിടെ തന്നെ അത്ഭുതപ്പെടുത്തിയ നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് ഷങ്കര്‍. വിജയ് സേതുപതിയുടെ അഭിനയം തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഷങ്കര്‍ പറഞ്ഞു. അയാളുടെ ഓരോ സിനിമകളും തനിക്ക് വളരെ ഇഷ്ടമാണെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഫഹദിന്റെ പെര്‍ഫോമന്‍സും മണികണ്ഠന്റെ സിനിമകളും തനിക്ക് ഇഷ്ടമാണെന്നും അവരെയെല്ലാം വെച്ച് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും ഷങ്കര്‍ പറഞ്ഞു.

അത്തരത്തില്‍ തനിക്ക് ഇഷ്ടമുള്ള നടന്മാരിലൊരാളാണ് ദിനേശെന്നും ലബ്ബര്‍ പന്തിലെ അയാളുടെ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് പൊട്ടന്‍ഷ്യലുള്ള നടനാണ് ദിനേശെന്നും ഷങ്കര്‍ പറഞ്ഞു. എന്നാല്‍ അയാളുടെ കഴിവിനെ വേണ്ട രീതിയില്‍ ആളുകള്‍ അംഗീകരിച്ചിട്ടില്ലെന്നും അതില്‍ തനിക്ക് വിഷമമുണ്ടെന്നും ഷങ്കര്‍ പറഞ്ഞു.

ലബ്ബര്‍ പന്തിലെ പോലെ ഒരു പെര്‍ഫോമന്‍സ് അടുത്തൊന്നും താന്‍ കണ്ടിട്ടില്ലെന്നും മറ്റൊരാളുടെ ഷേഡ് അയാളുടെ അഭിനയത്തില്‍ കണ്ടിട്ടില്ലെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. അഭിനയിക്കുകയാണെന്ന് ഒട്ടും തോന്നില്ലെന്നും എങ്ങനെയാണ് ആ സിനിമ ചെയ്തതെന്ന് ചിന്തിച്ചെന്നും ഷങ്കര്‍ പറഞ്ഞു. ഗെയിം ചേഞ്ചറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു ഷങ്കര്‍.

‘വിജയ് സേതുപതിയുടെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമാണ്. അയാളുടെ സിനിമകളെല്ലാം കണ്ടിരിക്കാന്‍ നല്ല രസമാണ്. അതുപോലെ ഫഹദിന്റെ പെര്‍ഫോമന്‍സുകള്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. മണികണ്ഠനും അതുപോലെ നല്ല നടനാണ്. ഇവരെയെല്ലാം ഡയറക്ട് ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ട്. അതുപോലെ എനിക്ക് ഇഷ്ടമുള്ള നടന്മാരില്‍ ഒരാളാണ് ദിനേശ്.

ഈയടുത്താണ് അയാളുടെ ലബ്ബര്‍ പന്ത് എന്ന സിനിമ കണ്ടത്. എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ പെര്‍ഫോമന്‍സാണ് അയാള്‍ കാഴ്ചവെച്ചത്. മറ്റൊരു നടനിലും അങ്ങനെയൊരു പെര്‍ഫോമന്‍സ് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. മറ്റൊരു നടന്റെയും അഭിനയത്തിന്റെ ഷേഡ് അയാളില്‍ കാണാന്‍ കഴിയില്ല.

എങ്ങനെയാണ് ആ സിനിമയില്‍ പെര്‍ഫോം ചെയ്തതെന്നൊക്കെ ആലോചിച്ചിരുന്നു. എന്നാല്‍ ആളുകള്‍ വേണ്ട രീതിയില്‍ ദിനേശിനെ അംഗീകരിച്ചില്ല. അയാളുടെ പെര്‍ഫോമന്‍സൊക്കെ ആഘോഷിക്കേണ്ടതാണ്. എന്തുകൊണ്ട് ആരും അതൊന്നും ചെയ്യുന്നില്ലൊക്കെ ആലോചിച്ചിട്ടുണ്ട്,’ ഷങ്കര്‍ പറയുന്നു.

Content Highlight: Shankar Praises Attakathi Dinesh’s performance in Lubber Pandhu movie