സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് ഷെയ്ന്‍ നിഗം. 2010ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന സിനിമയില്‍ പൃഥ്വിരാജ് സുകുമാരന്റെ ചെറുപ്പം അഭിനയിച്ച് ബാലതാരമായാണ് ഷെയ്ന്‍ സിനിമയിലേക്ക് എത്തുന്നത്. അതേ വര്‍ഷം അന്‍വറിലും അദ്ദേഹം അഭിനയിച്ചിരുന്നു.
പിന്നീട് അന്നയും റസൂലും, നീലാകാശം പച്ചകടല്‍ ചുവന്ന ഭൂമി, ബാല്യകാല സഖി, കമ്മട്ടിപാടം എന്നീ സിനിമകളിലും ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്നു. 2016ലാണ് കിസ്മത്ത് എന്ന സിനിമയിലൂടെ ആദ്യമായി നായകനായി എത്തുന്നത്.
കഥ പറയാനായി നിരവധി പേര്‍ തന്റെയടുത്ത് വരാറുണ്ടെന്ന് പറയുകയാണ് ഷെയ്ന്‍ നിഗം. കഥ കേള്‍ക്കുമ്പോഴൊക്കെ ഇതുവരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് താന്‍ അന്വേഷിക്കാറുള്ളതെന്നും നടന്‍ പറയുന്നു.
പഴയ കാലത്ത് പത്മരാജനും ഭരതനും പറഞ്ഞു വെച്ച കഥകളില്‍ നിന്നും മലയാള സിനിമ വളര്‍ന്നിട്ടില്ലെന്നും തൂവാനത്തുമ്പികള്‍ക്കും വൈശാലിക്കും പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും ഷെയ്ന്‍ പറഞ്ഞു. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.
‘നിരവധി പേര്‍ കഥ പറയാനായി എന്റെയടുത്ത് വരാറുണ്ട്. ഓരോരുത്തരും പറയുന്ന കഥ ഞാന്‍ കേള്‍ക്കാറുണ്ട്. കഥ കേള്‍ക്കുമ്പോഴൊക്കെ ഇത് വരെ ചെയ്യാത്ത കഥാപാത്രങ്ങളെയാണ് ഞാന്‍ അന്വേഷിക്കാറുള്ളത്.
പിന്നെ ആളുകള്‍ കഥ പറയുന്ന രീതിയും പ്രധാനമാണ്. ആവര്‍ത്തനവിരസതയില്ലാതെ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന സിനിമകള്‍ ചെയ്യാനാണ് ഓരോരുത്തരും ആഗ്രഹിക്കുന്നത്. കഥ പറയുമ്പോള്‍ അവതരണ രീതികളില്‍ മാറ്റം വരണം.
യഥാര്‍ത്ഥത്തില്‍ പഴയ കാലത്ത് പത്മരാജന്‍ സാറും, ഭരതന്‍ സാറും പറഞ്ഞു വെച്ച കഥകളില്‍ നിന്നും മലയാള സിനിമ വളര്‍ന്നിട്ടില്ല. തൂവാനത്തുമ്പികള്‍ക്കും വൈശാലിക്കും പകരം വെക്കാന്‍ മറ്റൊന്നുമില്ലല്ലോ.
നല്ല സിനിമകള്‍ കാണുന്നതിലൂടെയും, മുടക്കമില്ലാത്ത വായനാശീലത്തിലൂടെയും കഥകളെക്കുറിച്ചുളള പുതിയ കാഴ്ചപ്പാടുകള്‍ മനസില്‍ ഇടം പിടിച്ചിട്ടുണ്ട്,’ ഷെയ്ന്‍ നിഗം പറഞ്ഞു.
Content Highlight: Shane Nigam Talks About Thoovanathumbikal And Vaishali Movie