രാജീവ് രവി സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ഫഹദ് ഫാസിലും ആന്‍ഡ്രിയയും ഒരുമിച്ച ഈ സിനിമ രാജീവ് രവിയുടെ ആദ്യ സംവിധാന ചിത്രമായിരുന്നു.
ഫഹദിനും ആന്‍ഡ്രിയക്കും പുറമെ സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സണ്ണി വെയ്ന്‍ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്. അന്നയും റസൂലും സിനിമയില്‍ ഒരു സീന്‍ ലൈവായി ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഷെയ്ന്‍ നിഗം.
തന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമായ മദ്രാസ്‌കാരന്‍ എന്ന സിനിമയുടെ സമയത്ത് തിരക്കുള്ള സ്ഥലങ്ങളില്‍ ചുറ്റുമുള്ള ആളുകളെ നോക്കാതെ സീനുകള്‍ ഷൂട്ട് ചെയ്യാന്‍ പറ്റിയിരുന്നെന്നും അത്തരം ഒരു അനുഭവം അതിന് മുമ്പ് ലഭിച്ചത് അന്നയും റസൂലും എന്ന സിനിമയില്‍ മാത്രമായിരുന്നെന്നും നടന്‍ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷെയ്ന്‍ നിഗം.
‘മദ്രാസ്‌കാരന്‍ സിനിമയില്‍ ബസ് സ്റ്റാന്‍ഡില്‍ ഉള്ള ഷോട്ടും ദൂരെ നിന്ന് നടന്നു വരുന്ന ഷോട്ടുമൊക്കെ വളരെ എളുപ്പത്തില്‍ എടുക്കാന്‍ സാധിച്ചിരുന്നു. അതായത് ചുറ്റുമുള്ള ആളുകളെ നോക്കാതെ എടുക്കാന്‍ സാധിച്ചിരുന്നു. അങ്ങനെ ഒരു കാര്യം ഞാന്‍ മുമ്പ് എക്‌സ്പീരിയന്‍സ് ചെയ്തത് അന്നയും റസൂലും എന്ന സിനിമയില്‍ മാത്രമായിരുന്നു.
ആ സിനിമയില്‍ ഇതുപോലെ ഒരു ഷോട്ട് ഉണ്ടായിരുന്നു. മറൈന്‍ ഡ്രൈവില്‍ ഹൈക്കോര്‍ട്ടിന്റെ അടുത്ത് വെച്ചായിരുന്നു ആ സീന്‍ ഷൂട്ട് ചെയ്തത്. അത് ലൈവായി ദൂരെ ക്യാമറ വെച്ചിട്ടായിരുന്നു ഷൂട്ട് ചെയ്തത്. ഫഹദിക്കയും സൗബിക്കയും ഷൈന്‍ ചേട്ടനും ഓടി പോകുന്നതും അവരുടെ പിന്നാലെ ഓടിച്ചിട്ട് അടിക്കുന്ന രംഗമായിരുന്നു അത്.
ആ സീന്‍ ലൈവായിരുന്നു. ഒരു ഷോട്ട് പോലും കട്ട് ചെയ്ത് എടുക്കേണ്ടി വന്നിട്ടില്ല. അന്നയും റസൂലിന്റെ ഷൂട്ടിങ് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. അത്രയ്ക്കും അടിപൊളിയായിരുന്നു.
അതുപോലെയൊക്കെ തന്നെയായിരുന്നു മദ്രാസ്‌കാരന്‍ സിനിമയും ഷൂട്ട് ചെയ്തത്. പക്ഷെ ഇതിലെ സീനുകള്‍ വെല്‍ റിട്ടണ്‍ ആയിരുന്നു. അതില്‍ ഭാഷ അറിയാത്തത് കൊണ്ട് ഇംപ്രവൈസ് ചെയ്യാനും പറ്റില്ലായിരുന്നു,’ ഷെയ്ന്‍ നിഗം പറയുന്നു.
Content Highlight: Shane Nigam Talks About Annayum Rasoolum Movie