ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചു; കരിയറിലെ ഏറ്റവും വലിയ താഴ്ച്ചയായിരുന്നു അത്: ഷെയ്ന്‍ നിഗം
Malayalam Cinema
ആ സിനിമയുടെ പരാജയം എന്നെ വല്ലാതെ ബാധിച്ചു; കരിയറിലെ ഏറ്റവും വലിയ താഴ്ച്ചയായിരുന്നു അത്: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th September 2025, 2:09 pm

 

കരിയറിലെ ഏറ്റവും വലിയ താഴ്ച്ച വലിയപെരുന്നാള്‍ എന്ന ചിത്രത്തിന്റെ പരാജയമായിരുന്നുവെന്ന് ഷെയ്ന്‍ നിഗം. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് അദ്ദേഹം മനസ് തുറന്നത്. കരിയറിലെ മോശം സമയം എന്ന് തോന്നിയത് അപ്പോഴാണെന്നും നടന്‍ വ്യക്തമാക്കി.

‘ ആ ചിത്രത്തിന്റെ റിലീസിന്റെ സമയത്താണ് ഞാനുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഉണ്ടായത്. അതുകൊണ്ട് തന്നെ വലിയ പെരുന്നാളിന്റെ പരാജയം എന്നെ ഒരുപാട് ബാധിച്ചു. അത് എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അതിന് ശേഷമാണ് കൊവിഡ് വരുന്നതും, എല്ലാവര്‍ക്കും സിനിമയില്‍ നിന്നും ഒരു ബ്രേക്ക് കിട്ടുന്നതുമൊക്കെ. ആ സമയം ഞാന്‍ മെല്ലെ റിക്കവര്‍ ആയി. ഓക്കെയായി വന്നു. പക്ഷേ എനിക്ക് ആ ദിവസം ഒരിക്കലും മറക്കാന്‍ കഴിയില്ല,’ ഷെയ്ന്‍ നിഗം പറയുന്നു.

നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വലിയപെരുന്നാള്‍. ഡെന്നിസും തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗമിന് പുറമെ ഹിമിക ബോസ്, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍, അലന്‍സിയര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ അഭിനയിച്ചിട്ടുണ്ട്.

2019 ഡിസംബറിലാണ് സിനിമ തിയേറ്ററുകളില്‍ എത്തിയിരുന്നുത്. റെക്‌സ് വിജയന്‍ സംഗീതം നല്‍കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് സുരേഷ് രാജനാണ്.

ഷെയ്‌നിന്റേതായി വരാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബള്‍ട്ടി. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ഈ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രം സെപ്റ്റംബര്‍ 28ന് തിയേറ്ററുകളില്‍ എത്തും. എസ്.ടി കെ ഫ്രെയിംസ്, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ സന്തോഷ് ടി കുരുവിള, ബിനു ജോര്‍ജ്ജ് അലക്‌സാണ്ടര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്.

Content highlight: Shane Nigam says the biggest low point in his career was the failure of the film Valiya Perunnal