ഉല്ലാസത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ട് ദുല്‍ഖറിക്ക മെസേജ് അയച്ചു, പ്രണവ് പിന്നെ എവിടാന്ന് അറിയില്ലല്ലോ: ഷെയ്ന്‍ നിഗം
Film News
ഉല്ലാസത്തിന്റെ ട്രെയ്‌ലര്‍ കണ്ടിട്ട് ദുല്‍ഖറിക്ക മെസേജ് അയച്ചു, പ്രണവ് പിന്നെ എവിടാന്ന് അറിയില്ലല്ലോ: ഷെയ്ന്‍ നിഗം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 11:34 pm

ഷെയ്ന്‍ നിഗത്തിന്റെ ഏറ്റവും പുതിയ ചിത്രം ഉല്ലാസം റിലീസിനൊരുങ്ങുകയാണ്. സാധാരണ ഷെയ്ന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായി ഫണ്‍, എന്റര്‍ടെയ്ന്‍മെന്റ് മോഡിലൊരുങ്ങുന്ന ചിത്രമാണ് ഉല്ലാസം. ചിത്രത്തിന്റെ ടീസര്‍ പ്രണവ് മോഹന്‍ലാലിനെ കൊണ്ട് പുറത്തിറക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു എന്ന് പറയുകയാണ് ഷെയ്ന്‍ നീഗം.

ഉല്ലാസത്തിന്റെ ടീസറിലും ട്രെയ്‌ലറിലും പ്രണവ് മോഹന്‍ലാലിനെയും ദുല്‍ഖര്‍ സല്‍മാനെയും പറ്റി പരാമര്‍ശങ്ങളുണ്ടായിരുന്നു. ട്രെയ്‌ലര്‍ കണ്ടിട്ട് ദുല്‍ഖര്‍ സല്‍മാന്‍ മെസേജ് അയച്ചിരുന്നു എന്നും ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘ദുല്‍ഖറിക്ക ട്രെയ്‌ലര്‍ ഷെയര്‍ ചെയ്തിരുന്നു. കണ്ടിട്ട് നല്ല കമന്റ്‌സ് അയച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറഞ്ഞപ്പോള്‍ ഒരു എക്‌സൈറ്റ്‌മെന്റ് തോന്നിയെന്ന് പറഞ്ഞു. പ്രണവ് എവിടാന്ന് ആര്‍ക്കും അറിയില്ലല്ലോ.

ഉല്ലാസത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട് തന്നെയായിരുന്നു ഹൃദയത്തിന്റെയും കണ്‍ട്രോളര്‍. അപ്പോള്‍ ഉല്ലാസത്തിന്റെ ടീസര്‍ പ്രണവിന്റെ പേജില്‍ കൂടി ഇടാമെന്നുള്ള ആഗ്രഹങ്ങളും ആലോചനകളും ഒക്കെ ഉണ്ടായിരുന്നു. അതിനനുസരിച്ചുള്ള കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ പുള്ളിക്കാരനെ വിളിച്ചാല്‍ കിട്ടണ്ടേ. എവിടാന്ന് ആര്‍ക്കും അറിയില്ല. പുള്ളിക്കാരന്‍ ടീസര്‍ കണ്ടിരുന്നു. ഷാഫീക്ക കാണിച്ചു കൊടുത്തിരുന്നു. പുള്ളിക്കാരന്‍ ഇടാമെന്നൊക്കെ പറഞ്ഞ് ഭയങ്കര എക്‌സൈറ്റഡായിരുന്നു. പക്ഷേ പുള്ളിക്കാരന്‍ ഇപ്പോള്‍ യാത്രയിലെന്തോ ആയിരുന്നു എന്ന് തോന്നുന്നു,’ ഷെയ്ന്‍ നിഗം പറഞ്ഞു.

‘ഉല്ലാസം ഒരു ക്യൂട്ടായിട്ടുള്ള പടമാണ്. അധികം ചിന്തിക്കാനില്ലാതെ ലൈറ്റായിട്ട് കാണാന്‍ പറ്റിയ പടമാണ്. ഒരു കഥ കേട്ടിട്ട് കൊള്ളാമെന്ന് തോന്നിയാല്‍ അതിന്റെ സ്‌ക്രിപ്റ്റ് വായിക്കും. എല്ലാം കൊണ്ടും ചെയ്യാനൊരു ഇഷ്ടം തോന്നണം,’ ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ ഒന്നിനാണ് ഉല്ലാസം റിലീസ് ചെയ്യുന്നത്. നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പവിത്ര ലക്ഷ്മിയാണ് നായിക. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ.

Content Highlight: shane nigam says Dulquar salman sends message after watching trailer of ullasam