ഇടവേള ബാബുവിന്റെ പ്രസ്താവന വിവരമില്ലായ്മ, മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, അദ്ദേഹം ഏതാണ് തിരുത്താന്‍ തയാറായിട്ടുള്ളത്: ഷമ്മി തിലകന്‍
Film News
ഇടവേള ബാബുവിന്റെ പ്രസ്താവന വിവരമില്ലായ്മ, മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, അദ്ദേഹം ഏതാണ് തിരുത്താന്‍ തയാറായിട്ടുള്ളത്: ഷമ്മി തിലകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 27th June 2022, 9:01 pm

കൊച്ചി: താരസംഘടനയായ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ ഷമ്മി തിലകന്‍. മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും പല തവണ താന്‍ കത്തയച്ചിട്ടും അദ്ദേഹം ഏതാണ് തിരുത്താന്‍ തയാറായിട്ടുള്ളതെന്നും ഷമ്മി തിലകന്‍ ചോദിച്ചു. അമ്മ സംഘടന ക്ലബാണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന വിവരമില്ലായ്മയാണെന്നും ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടതെന്നും റിപ്പോര്‍ട്ടര്‍ ലൈവിനോട് ഷമ്മി തിലകന്‍ പ്രതികരിച്ചു.

‘മോഹന്‍ലാല്‍ എന്താണ് തിരുത്താന്‍ തയ്യാറായിട്ടുള്ളത്. ഞാന്‍ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ. പുള്ളി മൗനിബാബ കളിക്കുകയല്ലേ. അദ്ദേഹത്തിന് എന്തുപറ്റിയെന്നുള്ളത് എനിക്കറിയില്ല.

കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് മാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. ഇത് പറയുന്നതിന് എനിക്കെതിരെ നടപടി വന്നാല്‍ എന്തുചെയ്യാന്‍ പറ്റും ഞാന്‍ പോയി ആത്മഹത്യ ചെയ്യണോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്. ‘ഷെയിം’ എന്ന വാക്കല്ലാതെ വേറൊന്നും എനിക്ക് തോന്നുന്നില്ല’ ഷമ്മി തിലകന്‍ പറഞ്ഞു.

‘അദ്ദേഹത്തിന്റെ താല്‍പ്പര്യമായിരിക്കും അത്. ഇടവേള ബാബുവിന് ബാര്‍ ലൈസന്‍സ് ഒക്കെ വാങ്ങി ഓഫീസില്‍ നടത്താലോ. പുള്ളിയല്ലേ അതിന്റെ ഇന്‍ചാര്‍ജ്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടന ക്ലബ് ആണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അത്രേം വിവരമോ ഉള്ളൂവെന്നല്ലേ അതിന് പറയാന്‍ കഴിയൂ.

ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടത്. അദ്ദേഹത്തിന് ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല. തീര്‍ച്ചയായും അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഒരോ പ്രസ്താവനയിലും മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ധാര്‍മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണെന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണം,’ ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: shammy thilakan against mohanlal and idavela babu