20 വര്‍ഷത്തിലധികമായി സിനിമാമേഖലയില്‍ ഉള്ള നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷംനക്ക് കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.
എന്നാല്‍ കുറച്ച് കാലമായി ഷംന മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവാണ്. അതിനെ കുറിച്ച് സംസാരിക്കുകയാണ് ഷംന ഇപ്പോള്‍. മലയാളത്തില്‍ സിനിമ തനിക്ക് വരും പോകും എന്ന അവസ്ഥയായിരുന്നുവെന്നും തമിഴിലൊക്കെ ഒരു പ്രൊജക്ട് ഉറപ്പിച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നെ താന്‍ തന്നെ അഭിനയിക്കുമെന്നും ഷംന കാസിം പറയുന്നു.
മലയാളത്തില്‍ നിന്ന് സിനിമ കുറയുന്ന കാരണം അന്വേഷിച്ചപ്പോള്‍ സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഷംന പറഞ്ഞു.
‘മലയാളത്തില്‍ എനിക്ക് സിനിമകള്‍ വരും പോവും, വരും പോവും എന്ന അവസ്ഥയായിരുന്നു. തമിഴിലൊക്കെ ഒരു പ്രൊജക്ട് ഉറപ്പിച്ചുകഴിഞ്ഞാല്‍ അതില്‍ പിന്നെ ഞാന്‍ തന്നെ അഭിനയിക്കും. പക്ഷേ മലയാളത്തില്‍ ആദ്യം വിളിച്ച് സംസാരിക്കും. റോള്‍ ഉറപ്പിക്കും, പിന്നെ അവര്‍ പിന്തിരിയും. അതോടെ നമ്മുടെ ആത്മവിശ്വാസം നഷ്ടമാവും. എന്തുകൊണ്ടാണിങ്ങനെയെന്ന് അറിയില്ല.
എന്നെ അറിയുന്ന ചിലരൊക്കെ പറയുന്നത് ഷംന സ്റ്റേജിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് സിനിമ വരാത്തതെന്ന്. പക്ഷേ അതുകൊണ്ട് ഞാന്‍ സ്റ്റേജ് പെര്‍ഫോമന്‍സും നൃത്തവുമൊക്കെ കുറയ്ക്കണമെന്ന് വിചാരിക്കുന്നില്ല. എന്റെ ആത്മവിശ്വാസം ഡാന്‍സാണ്. അതിലാണ് എന്റെ ജീവന്‍. അതൊരു സിനിമയ്ക്ക് വേണ്ടി നിര്‍ത്തണമെന്ന് പറഞ്ഞാല്‍ നടക്കില്ല,’ ഷംന കാസിം പറയുന്നു.