20 വര്‍ഷത്തിലധികമായി സിനിമാമേഖലയില്‍ ഉള്ള നടിയാണ് ഷംന കാസിം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാവാന്‍ ഷംനക്ക് കഴിഞ്ഞു. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കരിയര്‍ തുടങ്ങിയ ഷംന ഇന്നും സ്റ്റേജ് പ്രോഗ്രാമുകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്.
സംവിധായകനും നടനുമായ മിഷ്‌കിനെ കുറിച്ച് സംസാരിക്കുകയാണ് ഷംന കാസിം. സിനിമയില്‍ തനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിനെന്ന് ഷംന കാസിം പറയുന്നു. തനിക്ക് മകനോടുള്ള സ്‌നേഹം കണ്ടിട്ടാകാം ഒരു ചടങ്ങില്‍വെച്ച് മിഷ്‌കിന്‍ അടുത്ത ജന്മത്തില്‍ തന്റെ മകനായി പിറക്കണമെന്ന് പറഞ്ഞിരുന്നുവെന്നും അത് കേട്ട് താന്‍ ഇമോഷണലായെന്നും ഷംന പറഞ്ഞു.
‘സിനിമയില്‍ എനിക്ക് വളരെ അടുപ്പമുള്ള വ്യക്തിയാണ് മിഷ്‌കിന്‍. ആത്മവിശ്വാസം തരുന്നൊരാള്‍, ഞാന്‍ സിനിമയില്‍ ജീവിച്ച് മരിക്കുമെന്നാണ് മിഷ്‌കിന്‍ എപ്പോഴും പറയുക. മകനോടുള്ള എന്റെ സ്‌നേഹം കണ്ടിട്ടാകാം, ഒരു ചടങ്ങില്‍വെച്ച് മിഷ്‌കിന്‍ അടുത്ത ജന്മത്തില്‍ എന്റെ മകനായി പിറക്കണമെന്ന് പറഞ്ഞത്. അതുകേട്ട് ഞാന്‍ ഇമോഷണലായി.
ഞാന്‍ ഒരിക്കലും ‘സെലിബ്രിറ്റി ജീവിതം’ ആഗ്രഹിച്ചിട്ടില്ല. കണ്ണൂരില്‍ ജനിച്ചുവളര്‍ന്ന സാധാരണ പെണ്‍കുട്ടിയാണ്. കടന്നുവന്ന വഴികള്‍ മറക്കാന്‍ പറ്റില്ല. ആളുകള്‍ തിരിച്ചറിയുന്ന നിലയിലേക്ക് എത്താന്‍ കുറേ കഷ്ടപ്പെട്ടിട്ടുണ്ട്. സിനിമയിലെത്തുമ്പോള്‍ പതിനാറുവയസായിരുന്നു. എന്നെ ശോഭനയെപ്പോലെ നൃത്തംചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന നടിയാക്കണമെന്നത് മമ്മിയുടെ ആഗ്രഹമായിരുന്നു.
നൃത്താധ്യാപികയാവാനായിരുന്നു എനിക്കാഗ്രഹം. ചെറുപ്പത്തിലേ നൃത്തവേദികളില്‍ സജീവമായിരുന്നു. സിനിമയില്‍ ആദ്യത്തെ അഞ്ചെട്ടു വര്‍ഷം പിടിച്ചുനില്‍ക്കാന്‍ കുറേ കഷ്ടപ്പെട്ടു. പിന്നീട് തമിഴില്‍ നായികയായി. മലയാളത്തില്‍നിന്ന് ഒരുപിടി നല്ല അവസരങ്ങള്‍ തേടിയെത്തി.
ഇരുപതുവര്‍ഷമായി ഇന്‍ഡസ്ട്രിയിലുണ്ട്. ഡാന്‍സര്‍ എന്ന നിലയിലാണ് മലയാളികള്‍ക്ക് കൂടുതല്‍ പരിചയം. തെലുങ്കില്‍ ഒരു വാക്കുപോലും പറയുമെന്ന് സ്വപ്നത്തില്‍ കരുതിയതല്ല. ഇന്ന് തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ പേരെടുക്കാന്‍ കഴിഞ്ഞു. ഇതെല്ലാം ഭാഗ്യമായി കരുതുന്നു,’ ഷംന കാസിം പറയുന്നു.