മലയാളികള്‍ എന്നും ഓര്‍ക്കുന്ന നടനാണ് തിലകന്‍. ആ മഹാനടന്റെ കൊച്ചുമകനാണ് അഭിമന്യു ഷമ്മി തിലകന്‍. അഭിമന്യുവിന്റെ ആദ്യ ചിത്രമാണ് കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മാര്‍ക്കോ. ആ സിനിമയില്‍ റസല്‍ എന്ന ക്രൂരനായ വില്ലനായാണ് അഭിമന്യു അഭിനയിച്ചത്.
മാര്‍ക്കോയിലെ അഭിമന്യുവിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ അഭിമന്യുവിനെ കുറിച്ച് സംസാരിക്കുകയാണ് പിതാവും നടനുമായ ഷമ്മി തിലകന്‍. ചെറുപ്പത്തില്‍ അഭിമന്യുവിന് അഭിനയത്തോട് പ്രത്യക്ഷത്തില്‍ താത്പര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും അന്നൊക്കെ പ്രിയം ചിത്രം വരയോട് ആയിരുന്നുവെന്നും ഷമ്മി തിലകന്‍ പറയുന്നു.
കാറിനോടും ബൈക്കുകളോടും പണ്ടുമുതലേ ഹരമുണ്ടെന്നും സൂപ്പര്‍ബൈക്കുകളും കാറും മോഡിഫിക്കേഷന്‍ ചെയ്യലും അതിന്റെ ബിസിനസുമൊക്കെയായിരുന്നു അഭിമന്യുവിന് കുറേകാലമെന്നും അദ്ദേഹം പറഞ്ഞു. ആ വഴി ദുല്‍ഖര്‍ അടക്കമുള്ള സിനിമയിലെ പല യുവതാരങ്ങളുമായി അഭിമന്യുവിന് ബന്ധമുണ്ടെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.
‘ചെറുപ്പത്തില്‍ അഭിനയത്തോട് ഇവന്‍ പ്രത്യക്ഷത്തില്‍ താത്പര്യമൊന്നും കാണിച്ചിട്ടില്ല. അന്നൊക്കെ പ്രിയം ചിത്രം വരയോട് ആയിരുന്നു. അച്ഛനും ഞാനുമൊക്കെ അത്യാവശ്യം വരക്കുന്നവരാണ്. ആ കഴിവ് ഇവനും കിട്ടി. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങാണ് പഠിച്ചത്. ഒപ്പം വി.എഫ്.എക്‌സും ഫിലിം മേക്കിങ് കോഴ്സും ചെയ്തു.
എനിക്ക് പഴയ ഹോണ്ട സിവിക് കാറുണ്ടായിരുന്നു. അതിലാണ് മോഡിഫിക്കേഷന്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്.
അതിന്റെ ഡോറൊക്കെ മാറ്റി ചിറകുവിടര്‍ത്തുന്ന ഡോറൊക്കെ ഫിറ്റ് ചെയ്തു. ആ കാറെടുത്ത് ഞാന്‍ സെറ്റിലൊക്കെ പോയാല്‍ എല്ലാവരും നോക്കും. ദുല്‍ഖര്‍ അടക്കമുള്ള സിനിമയിലെ പല യുവതാരങ്ങളുമായും എന്നെക്കാള്‍ മികച്ച ബന്ധമുണ്ട് ഇവന്. അതൊക്കെ കാര്‍ ബിസിനസ് വഴി ഉണ്ടായതാണ്. പലതാരങ്ങളും അത്തരം കാര്യങ്ങളില്‍ അഭിപ്രായം ചോദിക്കാന്‍ വിളിക്കും. അപ്പോഴൊന്നും സിനിമാ മോഹം ആരോടും പറഞ്ഞിട്ടില്ല,’ ഷമ്മി തിലകന്‍ പറയുന്നു.