മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മകനെന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന് തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായും നായകനായും ഒരുകാലത്ത് തിളങ്ങിയ ഷമ്മി തിലകന്‍ കോമഡി താരമായും തന്റെ കഴിവ് തെളിയിച്ചു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ വിലായത്ത് ബുദ്ധയിലും ഷമ്മിയുടെ പ്രകടനത്തിന് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഷമ്മി തിലകന്‍. സിനിമാലോകത്ത് നടനെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്ത് സംവിധായകനാകാന്‍ തിലകന് മോഹമുണ്ടായിരുന്നെന്ന് ഷമ്മി തിലകന്‍ പറഞ്ഞു. ജോസ് പെല്ലിശ്ശേരിയുടെ ഹിറ്റ് നാടകങ്ങളിലൊന്നായിരുന്നു അതിനായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.
‘ആ നാടകത്തിന്റെ പേര് ഞാന്‍ ഓര്‍ക്കുന്നില്ല. ഒരുപാട് വേദികളില്‍ കളിച്ച, അവാര്‍ഡുകളൊക്കെ കിട്ടിയ ഒന്നായിരുന്നു. മമ്മൂട്ടിയെ നായകനാക്കാനായിരുന്നു അച്ഛന്‍ ഉദ്ദേശിച്ചത്. ഗംഭീര കഥയായിരുന്നു അതിന്റെ. പുലയന്‍ തമ്പുരാനാകുന്ന ഒരു കഥയായിരുന്നു. അച്ഛന്‍ സംവിധാനം ചെയ്യുന്നു, ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറാകുന്നു എന്നായിരുന്നു പ്ലാന്‍.
മമ്മൂട്ടിയെ മനസില്‍ കണ്ടതിന് ഒരു കാരണമുണ്ട്. പൊന്തന്‍മാടയിലും വിധേയനിലും ചെയ്ത കഥാപാത്രങ്ങള്‍ അച്ഛന് ഇഷ്ടപ്പെട്ടതുകൊണ്ടായിരുന്നു മമ്മൂട്ടിയെ നായകനാക്കാന്‍ ഉദ്ദേശിച്ചത്. പക്ഷേ, മമ്മൂട്ടിക്ക് ആ സിനിമ ചെയ്യാന്‍ പേടിയായിരുന്നു. അത്രയും വലിയൊരു കഥാപാത്രം തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ് പിന്മാറി. അതോടെ അച്ഛന്‍ ആ പദ്ധതി ഉപേക്ഷിച്ചു’ ഷമ്മി തിലകന്‍ പറയുന്നു.
നാടകങ്ങള്‍ സിനിമയാക്കുമ്പോള്‍ വിജയിക്കാനുള്ള സാധ്യത കുറവായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് ഉദാഹരണങ്ങള്‍ അന്ന് ഉണ്ടായിരുന്നെന്നും എന്നാല്‍ ഒരൊറ്റ സിനിമ മാത്രമേ അങ്ങനെ ഹിറ്റായിട്ടുള്ളൂവെന്നും താരം കൂട്ടിച്ചേര്‍ത്തു. കാട്ടുകുതിര മാത്രമായിരുന്നു ഹിറ്റായതെന്നും ബാക്കിയെല്ലാം പരാജയമായെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
‘മമ്മൂട്ടിയെ വെച്ച് ചെയ്യണമെന്ന വലിയ ആഗ്രഹത്തോടെ അച്ഛന്‍ ആ കഥ ഡെവലപ്പ് ചെയ്ത കഥയായിരുന്നു അത്. നാടകത്തില്‍ ആ കഥാപാത്രം അവതരിപ്പിച്ചത് കൈനകരി തങ്കരാജായിരുന്നു. നാടകം ചെയ്യുന്ന സമയത്ത് ഞങ്ങള്‍ ഓരോ സീനിനെയും എങ്ങനെ സിനിമയില്‍ ചെയ്യണമെന്നൊക്കെ ചര്‍ച്ച നടത്തിയിട്ടുണ്ട്. മമ്മൂട്ടിക്ക് പേടിയുള്ളതുകൊണ്ടാണ് അച്ഛന് അത് ഡ്രോപ്പ് ചെയ്യേണ്ടി വന്നത്’ ഷമ്മി തിലകന്‍ പറയുന്നു.
Content Highlight: Shammi Thilakan saying Thilakan wishes direct a movie Mammootty in lead