അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആകെ അവിടെ പരിചയമുണ്ടായിരുന്നത് ആ നടിയെ മാത്രം, നല്ല സപ്പോര്‍ട്ടായിരുന്നു അവര്‍: ഷാജു ശ്രീധര്‍
Entertainment
അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ആകെ അവിടെ പരിചയമുണ്ടായിരുന്നത് ആ നടിയെ മാത്രം, നല്ല സപ്പോര്‍ട്ടായിരുന്നു അവര്‍: ഷാജു ശ്രീധര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd May 2025, 9:14 pm

മിമിക്രിരംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടനാണ് ഷാജു ശ്രീധര്‍. ആദ്യകാലങ്ങളില്‍ ചെറിയ വേഷങ്ങളില്‍ തിളങ്ങിയ ഷാജു പിന്നീട് സീരിയല്‍ രംഗത്തും ഒരുപാട് കാലം നിറഞ്ഞുനിന്നു. വീണ്ടും സിനിമയില്‍ സജീവമായി മാറിയ താരം ക്യാരക്ടര്‍ റോളുകളും തനിക്ക് ചേരുമെന്ന് പിന്നീട് തെളിയിച്ചു. അയ്യപ്പനും കോശിയിലെ സി.പി.ഓ വേഷം ഒരുപാട് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

അമിതാഭ് ബച്ചനുമൊന്നിച്ച് അഭിനയിച്ച പരസ്യചിത്രത്തിന്റെ അനുഭവം പങ്കുവെക്കുകയാണ് ഷാജു ശ്രീധര്‍. അത്രയും വലിയൊരു താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് ഷാജു ശ്രീധര്‍ പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നെന്നും ആ സമയത്ത് തന്റെ സുഹൃത്ത് വിളിച്ച് ഉപദേശിച്ചെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

ഇനി ഇതുപോലൊരു അവസരം ലഭിക്കില്ലെന്നും ടെന്‍ഷനാകാത പെര്‍ഫോം ചെയ്യാനുമാണ് അയാള്‍ തന്നോട് പറഞ്ഞതെന്നും ഷാജു പറയുന്നു. ആ വാക്കുകള്‍ ഊര്‍ജം നല്‍കിയെന്നും ആ ധൈര്യത്തിലാണ് സെറ്റിലേക്ക് പോയതെന്നും ഷാജു ശ്രീധര്‍ പറഞ്ഞു. മഞ്ജു വാര്യറും ആ പരസ്യത്തിന്റെ ഭാഗമായിരുന്നെന്നും ഷാജു കൂട്ടിച്ചേര്‍ത്തു.

മഞ്ജു വാര്യറുടെ സാന്നിധ്യവും തനിക്ക് ധൈര്യം തന്നെന്നും അമിതാഭ് ബച്ചന്‍ കൃത്യസമയത്ത് സെറ്റിലെത്തിയെന്നും ഷാജു ശ്രീധര്‍ കൂട്ടിച്ചേര്‍ത്തു. മേക്കപ്പ് ചെയ്ത ശേഷം അദ്ദേഹം കാരവാനില്‍ പോകാതെ സെറ്റില്‍ തന്നെ ഇരിക്കുകയായിരുന്നെന്നും ഷാജു പറഞ്ഞു. മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും ഷാജു ശ്രീധര്‍ പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഷാജു ശ്രീധര്‍.

‘അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. ചെറിയൊരു ടെന്‍ഷനുണ്ടായിരുന്നു. ആ സമയത്ത് എന്റെ ഒരു സുഹൃത്ത് വിളിച്ചിരുന്നു. ‘കിട്ടിയ അവസരം മുതലാക്കണം. ടെന്‍ഷനടിച്ച് തലകറങ്ങിയാല്‍ ഇത് നഷ്ടപ്പെടും. അതുകൊണ്ട് നന്നായി പെര്‍ഫോം ചെയ്‌തോ’ എന്നാണ് അയാള്‍ പറഞ്ഞത്. അത് വലിയൊരു ഊര്‍ജം തന്നു. അങ്ങനെയാണ് സെറ്റില്‍ പോയത്.

ഞാന്‍ സെറ്റിലെത്തിയപ്പോള്‍ ണവിടെ മഞ്ജു വാര്യറുമുണ്ടായിരുന്നു. ആകെ പരിചയമുള്ള ആര്‍ട്ടിസ്റ്റ് മഞ്ജു മാത്രമായിരുന്നു. നല്ല സപ്പോര്‍ട്ടായിരുന്നു അവര്‍. ബച്ചന്‍ സാര്‍ കറക്ട് സമയത്ത് സെറ്റിലെത്തി. മേക്കപ്പ് കഴിഞ്ഞാല്‍ പിന്നെ കാരവാനില്‍ പോകുന്ന ശീലം അദ്ദേഹത്തിനില്ലായിരുന്നു. സെറ്റില്‍ ഒരു കസേരയുമിട്ട് അദ്ദേഹം ഇരിക്കും. ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരുന്നു അത്,’ ഷാജു ശ്രീധര്‍ പറഞ്ഞു.

Content Highlight: Shaju Sreedhar shares the shooting experience with Amitabh Bachchan for an ad film