മമ്മൂക്കയുടെ ആ ഒരു കഴിവ് എനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്: ഷാജോണ്‍
Entertainment
മമ്മൂക്കയുടെ ആ ഒരു കഴിവ് എനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്: ഷാജോണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 15th May 2024, 2:13 pm

കൂടെ അഭിനയിച്ച നടന്മാരില്‍ നിന്ന് എന്തെങ്കിലും കഴിവ് ലഭിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി കലാഭവന്‍ ഷാജോണ്‍. മമ്മൂട്ടിയില്‍ നിന്ന് അദ്ദേഹത്തിന്റെ ഡബ്ബിങ് സ്‌കില്‍ കിട്ടിയാല്‍ കൊള്ളാമെന്നാണ് ഷാജോണ്‍ പറഞ്ഞത്. തന്റെ പുതിയ ചിത്രമായ സി.ഐ.ഡി രാമചന്ദ്രന്‍ എന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.

മമ്മൂട്ടിയുടെ ഡബ്ബിങ് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും എന്നാല്‍ ചില സംവിധായകര്‍ തന്നോട് ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷാജോണ്‍ പറഞ്ഞു. ഷൂട്ടിന്റെ സമയത്ത് അധികം പ്രാധാന്യം കൊടുക്കാത്ത ഡയലോഗിന് അദ്ദേഹം ഡബ്ബിന്റെ സമയത്ത് വേറൊരു തരത്തില്‍ ഇംപ്രൊവൈസേഷന്‍ കൊടുത്ത് ഗംഭീരമാക്കുമെന്ന് പറയുന്നത് കേട്ട് അതിനോട് താത്പര്യം തോന്നിയിട്ടുണ്ടെന്നും ഷാജോണ്‍ കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയുടെ അടുത്ത് നിന്ന് എല്ലാ സ്‌കില്ലും കിട്ടണമെന്നാണ് ആഗ്രഹം. പക്ഷേ അത് അത്യാഗ്രഹമാണല്ലോ. ഏതെങ്കിലും ഒരെണ്ണമേ പറ്റുള്ളൂ എന്നാണെങ്കില്‍, എനിക്ക് അദ്ദേഹത്തിന്റെ ഡബ്ബിങ് സ്‌കില്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. ഞാന്‍ ഇതുവരെ മമ്മൂക്ക ഡബ്ബ് ചെയ്യുന്നത് കണ്ടിട്ടില്ല. പക്ഷേ പല ഡയറക്ടര്‍മാരും അതിനെപ്പറ്റി പറയുന്നത് കേട്ടിട്ടുണ്ട്.

അതായത്, പുള്ളി ഷൂട്ടിന്റെ സമയത്ത് സിംപിളായി പറഞ്ഞുപോകുന്ന ഏതെങ്കിലും ഒരു ഡയലോഗിന് ഡബ്ബിന്റെ സമയത്ത് വേറൊരു തരത്തില്‍ ഇംപ്രൊവൈസേഷന്‍ കൊടുക്കും. ആ ഒരു കാര്യം കൊണ്ട് അതുവരെ പ്രാധാന്യമില്ലാത്ത ഡയലോഗിന് വേറൊരു തരത്തിലുള്ള മീനിങ് കിട്ടും. അതുവരെ ഇല്ലാതിരുന്ന ഇമോഷന്‍ ആ ഒരു ഇംപ്രൊവൈസേഷന്‍ കൊണ്ട് മമ്മൂക്ക ഉണ്ടാക്കിയെടുക്കും. ആ ഒരു കഴിവ് എനിക്ക് കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്,’ ഷാജോണ്‍ പറഞ്ഞു.

Content Highlight: Shajon saying that he like to get the dubbing skill of Mammootty