കടുവ എന്ന പേര് രാജുവാണ് ഇട്ടത്, വിമർശിക്കാൻ മനസുള്ളവർക്ക് അതേ പറ്റൂ: ഷാജി കൈലാസ്
Entertainment news
കടുവ എന്ന പേര് രാജുവാണ് ഇട്ടത്, വിമർശിക്കാൻ മനസുള്ളവർക്ക് അതേ പറ്റൂ: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 14th July 2022, 10:15 am

ഷാജി കൈലാസ് പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കടുവ തീയേറ്ററിൽ വിജയകരമായി മുന്നേറുകയാണ്. സിനിമയെ സംബന്ധിച്ച് അനുകൂല അഭിപ്രായങ്ങളും അതേ സമയം തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്.

കടുവ എന്ന പേര് സിനിമക്ക് ഇടാനുള്ള കാരണം പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കടുവ എന്ന പേര് രാജുവാണ് സജസ്റ്റ് ചെയ്തതെന്നും വിമർശിക്കാൻ മനസുള്ളവർക്ക് വിമർശിക്കാൻ മാത്രമേ പറ്റൂ എന്നുമാണ് അദ്ദേഹം പറയുന്നത്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.

‘കടുവ എന്ന പേര് രാജുവാണ് ഇടുന്നത്. എന്നോട് ചോദിച്ചു, ചേട്ടാ കടുവ എന്ന് ഇട്ടാൽ കുഴപ്പമുണ്ടോ എന്ന്. കുഴപ്പമൊന്നുമില്ല നല്ലതാണെന്ന് ഞാൻ പറഞ്ഞു. പാൻ ഇന്ത്യൻ ലെവലിൽ വരുന്നതുകൊണ്ടാണ് കടുവയുടെ ശബ്ദം വരെ ഫൈറ്റ് സീനിൽ കൊടുക്കേണ്ടിവന്നത്. അവിടെയുള്ളവരൊക്കെ ഇഷ്ടപ്പെടുന്ന കാര്യമാണ് ഇതൊക്കെ.

പക്ഷെ അതിനു വിമർശങ്ങളും വരുന്നുണ്ട്. ആദ്യം മൂന്നുപേര് ഇതൊക്കെ പ്രശ്നമായി പറയും. സാധാരണ ആളുകൾക്ക് എല്ലാം ഇഷ്ടമാണ്. വിമർശിക്കാൻ മനസുള്ളവർക്ക് അതെ പറ്റൂ. നമുക്ക് അതിൽ ഒന്നും ചെയ്യാൻ പറ്റില്ല. മാസിനു വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഇതിൽ ചെയ്തിട്ടുണ്ട്.

ആവശ്യമില്ലാതെ അപ്പർക്ലാസ് ആകുന്ന ആർട്ടിഫിഷ്യൽ ആൾക്കാരുണ്ട്. അവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്. അവർക്കും കണ്ട് ഇഷ്ടപെടുന്നത് കൊണ്ടല്ലേ ഇങ്ങനെ പറയുന്നത്,’ ഷാജി കൈലാസ് പറഞ്ഞു.

മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas says that the name of movie Kaduva was Prithviraj’s suggestion