ഞാൻ എപ്പോഴും മത്സരിക്കാറുള്ളത് എന്റെ തിരക്കഥാകൃത്തുക്കളുമായിട്ടാണ്: ഷാജി കൈലാസ്
Entertainment news
ഞാൻ എപ്പോഴും മത്സരിക്കാറുള്ളത് എന്റെ തിരക്കഥാകൃത്തുക്കളുമായിട്ടാണ്: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd July 2022, 9:35 am

മലയാള സിനിമയിലെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കോമ്പിനേഷൻ ആണ് ഷാജി കൈലാസും രൺജി പണിക്കരും. അവർ ഒന്നിച്ചെത്തിയ പല സിനിമകളും സൂപ്പർ ഹിറ്റുകളായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ്, ഏകലവ്യൻ, മാഫിയ, കമ്മീഷ്ണർ എന്നെ ചിത്രങ്ങൾ അതിന് ഉദാഹരണമാണ്.

രൺജി പണിക്കരുമായുള്ള സൗഹൃദത്തെ കുറിച്ചും തിരക്കഥ സിനിമയാക്കുന്ന രീതിയെ കുറിച്ചും സംസാരിക്കുകയാണ് ഷാജി കൈലാസ്. കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനും രൺജിയും തമ്മിലുള്ള സൗഹൃദം സിനിമക്ക് മുന്നേ തുടങ്ങിയതാണെന്നും ഞാൻ എപ്പോഴും മത്സരിക്കാറുള്ളത് എന്റെ തിരക്കഥാകൃത്തുക്കളുമായിട്ടാണെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്.

‘ഞാനും രൺജിയും തമ്മിലുള്ള സൗഹൃദം സിനിമക്ക് മുന്നേ തുടങ്ങിയതാണ്. ഞങ്ങൾ രണ്ടാളും ആദ്യമേ പരസ്പരം മനസിലാക്കിയിരുന്നു. ഞങ്ങൾ ഒന്നിച്ച് താമസിച്ചവരാണ്. രൺജി ഒരു സാധനം പറയുമ്പോൾ ഞാൻ ഒരു സാധനം പറയും.

എഴുതാൻ എനിക്ക് പറ്റാത്തത് കൊണ്ട് അവൻ എന്നെ സഹായിക്കും. ഈ സിറ്റുവേഷൻ ചെയ്‌താൽ കൊള്ളാമെന്ന് ഞാൻ സജസ്റ്റ് ചെയ്യുമ്പോൾ അതിനപ്പുറം അവൻ എഴുതും. ഞാൻ എപ്പോഴും മത്സരിക്കാറുള്ളത് എന്റെ തിരക്കഥാകൃത്തുക്കളുമായിട്ടാണ്. അവർ എന്ത് എഴുതി വെക്കുന്നു അതിനപ്പുറം എടുത്ത് വെക്കണമെന്ന് എനിക്ക് വാശിയുണ്ട്. ആരോഗ്യപരമായ മത്സരമാണത്.

എഴുത്തുകാരെ സംബന്ധിച്ച് എഴുതുക എന്ന് പറയുന്നത് പെയിൻ ആണ്. ആ പെയിൻ നമുക്ക് അറിയാം. അതിന്റെ കൂടെ അല്ലെങ്കിൽ അതിന് മുകളിൽ ചെയ്യണമെന്ന് കരുതുമ്പോൾ അത് നല്ല സിനിമയായി വരും.

 

വലിയ ഒരിടവേളക്ക് ശേഷം കടുവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന്‍ ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Shaji Kailas says that he always compete with his screenwriters