റോന്തിന്റെ ക്ലൈമാക്സില്‍ ഒരു ടെയ്ല്‍ എന്‍ഡ് സീന്‍ ഉദ്ദേശിച്ചിരുന്നു, അത് മറ്റൊരു സിനിമയിലേക്കുള്ള പാതയായാണ് ഉദ്ദേശിച്ചത്: ഷാഹി കബീര്‍
Entertainment
റോന്തിന്റെ ക്ലൈമാക്സില്‍ ഒരു ടെയ്ല്‍ എന്‍ഡ് സീന്‍ ഉദ്ദേശിച്ചിരുന്നു, അത് മറ്റൊരു സിനിമയിലേക്കുള്ള പാതയായാണ് ഉദ്ദേശിച്ചത്: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 8:22 am

ഷാഹി കബീറിന്റെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ സിനിമയാണ് റോന്ത്. ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്ചേഴ്സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

ഇപ്പോള്‍ തന്റെ നായാട്ട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലേക്കുള്ള പാത കൂടിയാണ് റോന്ത് എന്ന സിനിമയെന്ന് ഷാഹി കബീര്‍ പറയുന്നു.പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതുപോലെ നായാട്ടിന്റെ ബാക്കി എന്താണന്നെ് അറിയാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും നായാട്ട് 2 വിലേക്കുള്ള ഒരു പാത കൂടിയാണ് റോന്തെന്നും ഷാഹി കബീര്‍ പറയുന്നു.

ഇരു സിനിമകളും നടക്കുന്നത് ഒരേ കാലഘട്ടത്തിലാണെന്നും റോന്തിന് ഒരു ടെയ്ല്‍ എന്‍ഡ് ഷോട്ട് എടുക്കണമെന്ന് ആദ്യം വിചാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നായാട്ടിലെ കഥാപാത്രങ്ങള്‍ കൂടി വരുന്ന ഒരു ടെയില്‍ എന്‍ഡ് റോന്തിന് വേണ്ടി മനസ്സിലുണ്ടായിരുന്നുവെന്നും ഷാഹി കബീര്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നായാട്ട് 2 പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതുപോലെ എനിക്കും ഒരു ആഗ്രഹമുണ്ട്, അവര്‍ കോടതിയില്‍ പോയാല്‍ എന്താവും എന്നുള്ളത്. നായാട്ട് 2 വിലേക്കുള്ള ഒരു പാത കൂടിയാണ് റോന്ത്. രണ്ട് സിനിമയും ഒരേ കാലഘട്ടത്തിലാണ് കഥ പറഞ്ഞിരിക്കുന്നത്. ശരിക്കും റോന്തിന് ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നു. ഒരു ടെയ്ല്‍ എന്‍ഡ് ഷോട്ട് എടുക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ അത് സാഹചര്യങ്ങള്‍ കൊണ്ട് നമുക്ക് എടുക്കാന്‍ പറ്റിയില്ല.

നായാട്ടിലെയും റോന്തിലെയും കഥാപാത്രങ്ങള്‍ എല്ലാംകൂടെ കൂടിയ ഒരു ട്രയല്‍ കൊടുക്കണമെന്ന് വിചാരിച്ചിരുന്നു. അങ്ങനത്തെ ഒരു ക്രോസ് ഓവര്‍ ട്രയലും പരിപാടിയുമൊക്കെ ചിന്തയിലുണ്ടായിരുന്നു,’ ഷാഹി കബീര്‍ പറയുന്നു.

Content Highlight: Shahi Kabir says that Ronth is a stepping stone to the second part of his film Nayattu.