ഒരാളെ തലക്കടിച്ച് കൊണ്ടുപോയി അവയവദാനം നടത്തുന്നത് ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യമാണ്, പക്ഷേ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് പലരും വിശ്വസിച്ചു: ഷാഹി കബീര്‍
പൊലീസ് കഥകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ തിരക്കഥാകൃത്താണ് ഷാഹി കബീര്‍. ജോജു നായകനായ ജോസഫ് എന്ന സിനിമയിലൂടെയാണ് ഷാഹി കബീര്‍ സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും ഇലവീഴാ പൂഞ്ചിറ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു.
അവയവദാനത്തിന് തയ്യാറായവരെ പിന്തിരിപ്പിച്ച സിനിമ എന്നാണ് പലരും ജോസഫിനെ വിമര്‍ശിച്ചത്. ആശുപത്രി മാഫിയകളുടെ ഉള്‍ക്കളികള്‍ കാണിക്കുന്നുവെന്നും ചിത്രത്തെക്കുറിച്ച് പലരും സംസാരിച്ചു. ജോസഫ് എന്ന സിനിമയില്‍ താന്‍ കാണിച്ചത് സാങ്കല്പികമായ കാര്യമാണെന്ന് പറയുകയാണ് ഷാഹി കബീര്‍.
ഒരാളെ തലക്കടിച്ച് കൊണ്ടുപോയി അയാളുടെ അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നൂറ് ശതമാനം സിനിമാറ്റിക്കായ കാര്യമാണ് അതെന്നും എന്നാല്‍ പ്രേക്ഷകര്‍ അത് സത്യമാണെന്ന് വിചാരിച്ചെന്നും അദ്ദേഹം പറയുന്നു. താന്‍ പൊലീസായതുകൊണ്ട് ആ സിനിമയില്‍ കാണിച്ചത് സത്യമാണെന്ന് പ്രേക്ഷകര്‍ വിശ്വസിച്ചെന്നും അതിനെ താന്‍ തിരുത്താന്‍ ശ്രമിച്ചാലും അത് വിശ്വസിക്കില്ലെന്നും ഷാഹി കബീര്‍ കൂട്ടിച്ചേര്‍ത്തു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജോസഫ് എന്ന സിനിമയില്‍ കാണിച്ചത് സത്യമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരാളെ തലക്കടിച്ച് വീഴ്ത്തി ബ്രെയിന്‍ ഡെഡ് ആക്കി അയാളുടെ അവയവങ്ങള്‍ ദാനം ചെയ്യുക എന്നത് ലോകത്ത് ഒരിടത്തും നടക്കാത്ത കാര്യമാണ്. നൂറ് ശതമാനം സിനിമാറ്റിക്കാണ് ആ കാര്യം. പക്ഷേ, ആ കാണിച്ചത് സത്യമാണെന്ന് പലരും വിശ്വസിച്ചു.
‘അതിന്റെ കഥയെഴുതിയ ആള്‍ പൊലീസാണ്. അയാള്‍ പറയുന്നതില്‍ കാര്യമുണ്ട്’ എന്നൊക്കെയാണ് പലരും വിചാരിച്ച് വെച്ചിരിക്കുന്നത്. അതിനെ മാറ്റാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അങ്ങനെയൊന്നുമില്ല, അത് സിനിമക്ക് വേണ്ടി കാണിച്ചതാണെന്ന് ഞാന്‍ പറഞ്ഞാല്‍ പോലും ആരും അത് വിശ്വസിക്കാന്‍ പോകുന്നില്ല. ആയിരം സ്ഥലത്ത് ഞാന്‍ ഇത് പറഞ്ഞാലും ആരും കേള്‍ക്കില്ല.
സിനിമയെ സിനിമയായി കാണാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കുന്നില്ലെന്നേ ഞാന്‍ പറയുള്ളൂ. സിനിമയില്‍ കാണിക്കുന്നതൊക്കെ സത്യമാണെന്നാണ് അവരുടെയൊക്കെ വിചാരം. അത് എങ്ങനെ മാറ്റണമെന്ന് എനിക്കറിയില്ല. അത്രമാത്രം ആഴത്തിലാണ് അവരുടെയൊക്കെയുള്ളില്‍ സിനിമയിലെ കാര്യങ്ങള്‍ പതിഞ്ഞത്,’ ഷാഹി കബീര്‍ പറഞ്ഞു.
Content Highlight: Shahi Kabir saying what he showed in Joseph movie was cinematic