ഞാനുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നതാണ് ആ നടന്റെ പൊലീസ് കഥാപാത്രം: ഷാഹി കബീര്‍
Entertainment
ഞാനുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നതാണ് ആ നടന്റെ പൊലീസ് കഥാപാത്രം: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 8:39 am

 

ജോസഫ്, നായാട്ട്, ഇലവീഴ പൂഞ്ചിറ, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മുതലായ സിനിമകളിലൂടെ മലയാള സിനിമക്ക് പരിചിതനായ തിരക്കഥാകൃത്തും സംവിധായകനുമാണ് ഷാഹി കബീര്‍. ഷാഹി കബീറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ സിനിമയാണ് റോന്ത്.

ചിത്രത്തില്‍ റോഷന്‍ മാത്യുവും ദിലീഷ് പോത്തനുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഫെസ്റ്റിവല്‍ സിനിമാസിന്റെയും ജംഗ്ലി പിക്‌ചേഴ്‌സിന്റെയും ബാനറുകളില്‍ വിനീത് ജെയിന്‍, രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ റോന്ത് സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഷാഹി കബീര്‍.

തന്റെ മുന്‍സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് റോന്ത് എന്നും ഇതൊരു കുറ്റാന്വേഷണ സിനിമയോ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയോ അല്ലെന്നും ഷാഹി കബീര്‍ പറഞ്ഞു. ഈ സിനിമയില്‍ തന്റെ മാനസികാവസ്ഥ ഏറ്റവും കൂടുതല്‍ ഉള്ളത് റോഷന്‍ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിലാണെന്നും തന്റെ കൂടെ പ്രവര്‍ത്തിച്ച പല ഓഫീസേഴ്‌സിന്റെയും സ്വഭാവ സവിശേഷതകള്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നതിനാല്‍ താന്‍ എഴുതുന്ന കഥയും സത്യമാമെന്ന് വിശ്വസിക്കുന്നവരുണ്ടെന്നും എന്നാല്‍ ഇതുവരെ ചെയ്ത സിനിമകള്‍ ഒന്നും തന്നെ റിയല്‍ അല്ലെന്നും ഷാഹി പറയുന്നു. റോന്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്റെ മുന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇതൊരു കുറ്റാന്വേഷണ സിനിമ അല്ല. ഭയങ്കര ഒരു ത്രില്ലര്‍ സ്വഭാവമുള്ള സിനിമയല്ല. രണ്ട് ക്യാരക്ടര്‍ ഡ്രിവണ്‍ ഡ്രാമയാണ്. ഒരു പക്ഷേ എന്റെ മാനസികാവസ്ഥ ഏറ്റവും കൂടുതല്‍ ഉള്ളത്, റോഷന്റെ ക്യാരക്ടറിലാണ്. എന്റെ കൂടെ വര്‍ക്ക് ചെയ്ത പല ഓഫീസേഴ്‌സിന്റെ സ്വഭാവവിശേഷങ്ങള്‍ പോത്തേട്ടന്‍ ചെയ്യുന്ന കഥാപാത്രത്തിന് ഉണ്ട്.

ഞാന്‍ ഒരു പൊലീസ് ആയതുകൊണ്ട്, ഞാന്‍ എഴുതുന്ന എല്ലാം റിയല്‍ ആണെന്ന് വിശ്വസിക്കുന്നുണ്ട്. ഇതുവരെയുള്ള സിനിമകള്‍ ഒന്നും റിയല്‍ അല്ല. നായാട്ട് ഒരു ഇന്‍സിഡന്റിനെ ബേസ് ചെയ്ത് ക്രിയേറ്റ് ചെയ്ത ഒരു സിനിമാറ്റിക് സ്റ്റോറി തന്നെയാണ്. കുറച്ചുകൂടെ എന്റെ ജീവിതവും, അല്ലെങ്കില്‍ എനിക്ക് പറയണം എന്ന് തോന്നിയതുമായ ഒരു സിനിമയാണ് ഇത്,’ഷാഹി കബീര്‍ പറയുന്നു.

Content Highlight: Shahi Kabir  about his upcoming movie Ronth.