മലയാളത്തിലെ 90 ശതമാനം കുറ്റാന്വേഷണ സിനിമകളിലും അവിഹിതമാണ് ക്രൈമിന്റെ കാരണം, ആ സിനിമയില്‍ അത് മനപൂര്‍വം വേണ്ടെന്ന് വെച്ചതാണ്: ഷാഹി കബീര്‍
Entertainment
മലയാളത്തിലെ 90 ശതമാനം കുറ്റാന്വേഷണ സിനിമകളിലും അവിഹിതമാണ് ക്രൈമിന്റെ കാരണം, ആ സിനിമയില്‍ അത് മനപൂര്‍വം വേണ്ടെന്ന് വെച്ചതാണ്: ഷാഹി കബീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th June 2025, 8:39 am

മലയാളത്തില്‍ പൊലീസ് സിനിമകള്‍ക്ക് പുതിയൊരു പാത നിര്‍മിച്ചയാളാണ് ഷാഹി കബീര്‍. പൊലീസ് ജോലിയില്‍ നിന്ന് തിരക്കഥാരചനയിലേക്ക് തിരിഞ്ഞ ഷാഹിയുടെ ആദ്യചിത്രം ജോസഫ് ആയിരുന്നു. നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച അദ്ദേഹം ഇലവീഴാപൂഞ്ചിറയിലൂടെ സംവിധായക കുപ്പായവുമണിഞ്ഞു.

ആദ്യചിത്രമായ ജോസഫിനെക്കുറിച്ച് സംസാരിക്കുകയാണ് ഷാഹി കബീര്‍. അതുവരെ മലയാളത്തില്‍ വന്നതില്‍ നിന്ന് വ്യത്യസ്തമായ ഒരു കുറ്റാന്വേഷണ ചിത്രമായിരിക്കണം ജോസഫെന്ന് ആദ്യമേ ഉറപ്പിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. മലയാളത്തിലെ 90 ശതമാനം കുറ്റാന്വേഷണ സിനിമകളിലും അവിഹിതമാണ് പ്രധാന കാരണമായി കാണിച്ചതെന്നും അത് ജോസഫില്‍ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചെന്നും ഷാഹി പറയുന്നു.

കുറ്റാന്വേഷണ സിനിമകള്‍ ഫോളോ ചെയ്യുന്ന പല പാറ്റേണുകളും ആ സിനിമയില്‍ ബ്രേക്ക് ചെയ്യുന്നുണ്ടെന്നും നായക കഥാപാത്രത്തിലടക്കം അത് കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ രീതി തന്നെയാണ് തന്റെ മറ്റ് ചിത്രങ്ങളായ നായാട്ടിലും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലും ചെയ്യാന്‍ ശ്രമിച്ചതെന്നും ഷാഹി കബീര്‍ പറഞ്ഞു. മൂവീവേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളത്തിലെ കുറ്റാന്വേഷണ സിനിമകള്‍ക്ക് ഒരു രീതിയുണ്ട്. സസ്‌പെന്‍ഷനിലായ നായകന്‍, അയാള്‍ക്ക് ഒരു കേസ് കിട്ടുന്നു, അത് അന്വേഷിച്ച് കണ്ടെത്തുന്നു. അവസാനം ഒരു അവിഹിതത്തിലേക്ക് കഥയെത്തുന്നു. മലയാളത്തിലെ 90 ശതമാനം കുറ്റാന്വേഷണ സിനിമകളിലും അവിഹിതമാണ് ക്രൈമിന്റെ പ്രധാന കാരണമായി കാണിച്ചിരിക്കുന്നത്.

ജോസഫിന്റെ കഥയെഴുതാന്‍ തീരുമാനിച്ച സമയത്ത് പല പാറ്റേണും ബ്രേക്ക് ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. അതില്‍ ആദ്യത്തേതായിരുന്നു ഈ അവിഹിതം എലമെന്റ്. പിന്നീട് ഞാന്‍ ചെയ്ത പടങ്ങളിലും ഈ അവിഹിതം എന്ന എലമെന്റ് ഉപയോഗിച്ചിട്ടില്ല. ഇലവീഴാ പൂഞ്ചിറ ഇന്‍വെസ്റ്റിഗേഷന്‍ സിനിമയായിട്ടല്ല എടുത്തത്.

റിട്ടയറായ നായകന്‍ കേസ് അന്വേഷിക്കുന്നു എന്ന കാര്യവും ഞാന്‍ എന്റെ സ്വന്തം അനുഭവത്തില്‍ നിന്ന് എടുത്തതാണ്. കാരണം, ഡ്യൂട്ടിക്ക് കേറിയ സമയത്ത് ഒന്നുരണ്ട് കേസുകള്‍ ഇങ്ങനെ റിട്ടയര്‍ ചെയ്തവര്‍ അന്വേഷിക്കുന്നത് കണ്ടിട്ടുണ്ട്. അവര്‍ ജോലി ചെയ്തിരുന്ന സമയത്തെ എക്‌സ്പീരിയന്‍സ് മറന്നിട്ടുണ്ടാകില്ലല്ലോ. അത് കൊണ്ട് ചില സീനിയര്‍മാര്‍ അവരെ വിളിച്ച് വരുത്തും. അവര്‍ അന്വേഷിക്കും. ആ ഒരു കാര്യം കൂടി ജോസഫിലേക്ക് ഞാന്‍ എടുത്തു,’ ഷാഹി കബീര്‍ പറയുന്നു.

Content Highlight: Shahi Kabir about his first movie Joseph